ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മൂന്നാമത്തെ ബജറ്റ് ഭാരതത്തിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്നതായിരുന്നു. ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമീണ മേഖലയുടെ സമ്പൂര്‍ണ വികസനമാണ് ഈ പൊതുബജറ്റ് ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിലേക്കുളള പ്രയാണത്തിന് അടിത്തറ പാകുന്നതായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ്.
ഗ്രാമങ്ങളുടെ അടിസ്ഥാന വികസനത്തിന് 87,765 കോടി രൂപയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുളളത്. ഗ്രാമങ്ങളുടെ സ്വയംപര്യാപ്തത ഭാരതത്തിന്റെ പുരോഗതിയ്‌ക്ക് അനിവാര്യമാണെന്ന നിലപാടാണ് ബജറ്റിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്‌ക്കും മുന്തിയ പരിഗണന നല്‍കുമ്പോള്‍ ഗ്രാമീണ ജനതയുടെ വിപ്ലവകരമായ പരിവര്‍ത്തനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് എടിഎമ്മുകളും മൈക്രോ എടിഎമ്മുകളും അനുവദിക്കുമെന്ന പ്രഖ്യാപനവും ഗ്രാമീണ ജനതയുടെ ജീവിതത്തെ മാറ്റിമറിക്കുന്നതായിരിക്കും.
ഗ്രാമീണ റോഡ് വികസനത്തിനുള്ള പ്രധാനമന്ത്രി ഗ്രാമ സടക് യോജനയ്‌ക്കായി 19,000 കോടി രൂപയും ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2.87 ലക്ഷം കോടിയുടെ ഗ്രാന്റും ഈ ബജറ്റ് ഉറപ്പുവരുത്തുന്നു. ഗ്രാമീണ മേഖലയുടെ അടിസ്ഥാന വികസനത്തിനും സാധാരണക്കാരുടെ ക്ഷേമത്തിനും വന്‍തുകയാണ് ബജറ്റില്‍ കരുതി വയ്‌ക്കുന്നത്.
2018 മെയ് ഒന്നോടെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കുകയും മുഴുവന്‍ ഗ്രാമങ്ങളിലേക്കും റോഡ് ഗതാഗതം സാദ്ധ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യവും ബജറ്റ് പങ്കുവെയ്‌ക്കുന്നു. ഇതിനായി 8,500 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.