മുംബൈ: 2010 ല്‍ പൂനെയിലെ ജര്‍മന്‍ ബേക്കറിയിലുണ്ടായ സ്‌ഫോടനക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി മിര്‍സ ഹിമായത് ബെയ്ഗിന്റെ വധശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. 2013 ല്‍ പൂനെ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ജീവപര്യന്തമാക്കി കുറച്ചത്.
2010 ലുണ്ടായ സംഭവത്തില്‍ വിദേശികള്‍ അടക്കം 17 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2010 സെപ്തംബറിലാണ് ഹിമായത് ബെയ്ഗിനെ അറസ്റ്റ് ചെയ്യുന്നത്. ബെയ്ഗിനെതിരേ ചുമത്തിയ രണ്ട് വകുപ്പുകള്‍ ശരിവെച്ച കോടതി ബാക്കി കുറ്റങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
ജസ്റ്റീസുമാരായ എന്‍.എച്ച് പാട്ടീല്‍, എസ്.ബി ശുക്രെ എന്നിവരാണ് കേസില്‍ വാദം കേട്ടത്. വ്യാജരേഖകള്‍ കൈവശം വെച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 474 പ്രകാരവും സംശയകരമായ സാഹചര്യത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് സെക്ഷന്‍ 5 ബി പ്രാകരവുമുളള കുറ്റങ്ങളാണ് കോടതി ശരിവെച്ചത്. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേനയാണ് കേസ് അന്വേഷിച്ചത്.
വധശിക്ഷ ശരിവെയ്‌ക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. എന്നാല്‍ ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമേ പ്രോസിക്യൂഷന് പുറത്തുകൊണ്ടുവരാനായുളളൂവെന്ന് ബെയ്ഗിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തെളിവുകള്‍ അന്വേഷണസംഘം കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ വാദിച്ചു.