ലയണൽ മെസി ലോകഫുട്ബോളർ. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യോനോ റൊണാൾഡോയേയും നെയ്മറിനേയും മറികടന്നാണ് ബാഴ്സ സ് ട്രൈക്കർ വീണ്ടും ബലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ്
അർജന്റൈൻ ഫുട്ബോൾ താരത്തെ ലോകഫുട്ബോളർ പദവി തേടിയെത്തുന്നത്.
ലയണൽ മെസി വീണ്ടും ലോകത്തിന്റെ നെറുകയിൽ. പരിക്കിനെ അതിജീവിച്ച് കളിക്കളത്തിൽ തിരിച്ചെത്തിയ മെസി മാജിക്കിന് ഒരിക്കൽകൂടി അംഗീകാരം. സൂറിച്ചിൽ അരങ്ങേറിയ വർണ്ണാഭമായ ചടങ്ങിൽ ഫിഫ ആക്ടിംഗ് പ്രസിഡന്റ് ഇസ ഹയാതൗവും, ബ്രസീലിയൻ ഫുട്ബോൾ താരം കക്കയും ചേർന്നാണ് ഫുട്ബോൾ മിശിഹയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.
ഇതിഹാസ തുല്യമായ കരിയറിൽ ഇത് അഞ്ചാം തവണയാണ് ലോക ഫുട്ബോളർ പദവി ലയണൽ മെസിയെ തേടിയെത്തുന്നത്. സമകാലിക ഫുട്ബോളിൽ മെസിക്കൊപ്പം നിൽക്കുന്ന പ്രതിഭയെന്ന വിശേഷണം പേറുന്ന സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും, ബാഴ്സ സഹതാരം നെയ്മറിനേയും മറികടന്നാണ് അർജന്റൈൻ താരത്തിന്റെ സുവർണ്ണ നേട്ടം. മെസിക്ക് 41 ശതമാനം വോട്ട് ലഭിച്ചപ്പോൾ, റൊണാൾഡോയ്ക്ക് 27 ഉം, നെയ്മറിന് 7 ശതമാനവും വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബാഴ്സലോണ കോച്ച് ലൂയി എൻറിക്വേയെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തത് കറ്റാലൻ ക്ലബിന് ഇരട്ടി മധുരം സമ്മാനിച്ചു. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് സ്വന്തമാക്കിയ അമേരിക്കൻ മിഡ്ഫീൽഡർ കാർലി ലോയിഡാണ് മികച്ച വനിത താരം.
സ്പോർട്സ് ഡെസ്ക്
ജനം