ശബരിമല: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഭരണഘടനാപരമായി വിലക്കാനാകില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ തന്ത്രിയും പന്തളം രാജകൊട്ടാരവും രംഗത്തെത്തി. 41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് ശബരിമലയില്‍ 10 നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകളെ പ്രവേശിപ്പിക്കാത്തതെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു.
സന്നിധാനത്ത് സുപ്രീംകോടതി വിധിയുടെ പ്രതികരണമാരാഞ്ഞ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയെക്കുറിച്ച് പഠിക്കാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും തന്ത്രി വ്യക്തമാക്കി. ദേവപ്രശ്നം നടത്തി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവൂവെന്ന് തന്ത്രി കുടുംബം പ്രതികരിച്ചു.
അതേസമയം സുപ്രീംകോടതിയുടെ പരാമര്‍ശം അനവസരത്തിലാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പി.ജി ശശികുമാര വര്‍മ പ്രതികരിച്ചു. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളാണ് നിലനില്‍ക്കുന്നത്. ശബരിമലയില്‍ നിശ്ചിത പ്രായത്തിലുളള സ്ത്രീകള്‍ക്ക് നിയമപരമായ വിലക്കല്ല നിലനില്‍ക്കുന്നത്. ഇത് ആചാരക്രമത്തിന്റെ ഭാഗമായുള്ള വിലക്കാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയുടെ നിരീക്ഷണം തീര്‍ത്തും അപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ആചാരക്രമങ്ങള്‍ക്ക് മാറ്റം വരുത്താതെ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും ശശികുമാര വര്‍മ പറഞ്ഞു. യംഗ് ലോയേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.