ഭീകരസംഘടനയായ ഐഎസിനെ രാജ്യത്ത് നിന്നും ഉന്മൂലനം ചെയ്യാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങി. എൻ.ഐ.എ നിരീക്ഷണം ശക്തമാക്കിയതോടെ, ഇന്ത്യയിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഐഎസ് പിൻവാങ്ങുന്നതായാണ് സൂചന.
പഠാൻകോട് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഭീകരസംഘടനകളുടെ സാന്നിദ്ധ്യം സംബന്ധിച്ച് എൻ.ഐ.എ അന്വേഷണം വ്യാപകമാക്കിയിരന്നു. ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം കണ്ടെത്തിയതിനെ തുടർന്നായിരുന്നു എൻ.ഐ.എയുടെ നടപടി.
ദേശീയ അന്വേഷണ ഏജൻസി അന്വേഷണം വ്യാപകമാക്കിയതോടെ ഐ.എസുമായി ബന്ധം പുലർത്തിയിരുന്ന 25 ഓളം പേർ കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് പിടിയിലായി. ജനൂദ് അൽ ഖിലാഫാ ഇ ഹിന്ദ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഐ.എസ് ഘടകത്തെ അമിർ മുദാബിർ ഷെയ്ഖ് എന്നയാളാണ് നിയന്ത്രിച്ചിരുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു. സംഘത്തിൽ നിന്ന് വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു.
മാത്രമല്ല, ഐ.എസിന്‍റെ വലയിൽ പെട്ട ഒട്ടേറെ യുവാക്കളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും എൻ.ഐ.എയുടെ ഇടപെടൽ സഹായകമായി. ഇതിനെ തുടർന്നാണ് രാജ്യത്തെ പ്രവർത്തനം മരവിപ്പിക്കാൻ സിറിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ.എസ് കേന്ദ്രങ്ങൾ നിർദ്ദേശം നൽകിയത്. ഓൺലൈൻ മാധ്യമങ്ങളിലൂടെ യുവാക്കളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കാനാണ് നിർദ്ദേശം.
എന്നാൽ ഐ.എസ് അടക്കമുള്ള ഭീകര സംഘടനകളെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് എൻ.ഐ.എയുടെ തീരുമാനം.