കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. ഇന്ന് നടന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിലടക്കം ആറുഘട്ടങ്ങളിലും മികച്ച പോളിങ്ങാണ് അനുഭവപ്പെട്ടത്. മെയ് 19 ന് ഫലമറിയും.
ഒരുമാസം മുന്‍പ് ഏപ്രില്‍ 4ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിലൂടെയാണ് ആറുഘട്ടങ്ങള്‍ നീണ്ട പശ്ചിമബംഗാളിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ഏപ്രില്‍ 4,11 തീയതികളില്‍ രണ്ട് ഭാഗമായി 59 മണ്ഡലങ്ങളിലേക്കും എപ്രില്‍ 17 ന് 56 മണ്ഡലങ്ങളിലേക്കും, 21 ന് 62 മണ്ഡലങ്ങളിലേക്കും 25 ന് 49 മണ്ഡലങ്ങളിലേക്കും 30 ന് 53 മണ്ഡലങ്ങളിലേക്കും അവസാനഘട്ടത്തില്‍ 25 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആറാംഘട്ട തെരഞ്ഞെടുപ്പിലടക്കം എല്ലാ ഘട്ടങ്ങളിലും കനത്ത പോളിങ് രേഖപ്പെടുത്തി.
അതി ശക്തമായ പ്രചാരണത്തിനാണ് ഈ കാലയളവില്‍ ബംഗാള്‍ വേദിയായത്. കേരളത്തിലടക്കം പരിഹാസത്തിനു വഴി വച്ച കോണ്ഗ്രസ്സ്സിപി.എം സഖ്യം ഒടുവില്‍ ബംഗാള്‍ മണ്ണില്‍ മുളപൊട്ടി. തെരഞ്ഞെടുപ്പു കമ്മീഷനുമായുള്ള മമത ബാനര്‍ജിയുടെ യുദ്ധം തെരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമായി മറ്റു പാര്ട്ടിക്കാര് ആരോപിച്ചു.
അതേ സമയം തന്നെ ആദ്യഘട്ടങ്ങളിലെ വോട്ടെടുപ്പ് ദിനങ്ങളില്‍ നിരവധി അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചും കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിപ്പിച്ചുമാണ് അവസാനഘട്ടം വരെ അക്രമങ്ങളെ നേരിട്ടത്. 294 മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി ജനഹിതമറിയുന്ന മെയ് 19 എന്ന ദിനത്തിലേക്കുള്ള കാത്തിരിപ്പാണ്.