കൊച്ചി: ബാലഗോകുലം നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാലഭാരതം2016 ബാലികാബാലന്മാരുടെ നേതൃസംഗമത്തിന് തുടക്കം. അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ രണ്ടു ദിവസമായി നടക്കുന്ന നേതൃ സംഗമത്തില്‍ പ്രകൃതി, സംസ്കൃതി, രാഷ്ട്രം എന്നീ ആശയങ്ങളില്‍ ഊന്നി നിന്നുള്ള പഠന പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും നടക്കും. ഉണരുന്ന ബാല്യം, ഉയരുന്ന ഭാരതം എന്ന സന്ദേശമാണ് ബാലഭാരതം മുന്നോട്ട് വയ്ക്കുന്നത്.
രാവിലെ 40 ബാലപ്രതിഭകള്‍ ചേര്‍ന്ന് ദീപ പ്രോജ്വലനം നിര്‍വഹിച്ചതോടെയാണ് നേതൃസംഗമത്തിന് തുടക്കമായത്. തുടര്‍ന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ഗൗരവ് മേനോനും നാഷണല്‍ ആക്ടിവിസ്റ്റ് ജാഹ്നവി ബെഹലും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെയും പ്രധാനമന്ത്രിയെയും വെല്ലുവിളിച്ചതാണ് കനയ്യ കുമാറിനെതിരെ പ്രതികരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ജാഹ്നവി ബെഹല്‍ പറഞ്ഞു. നല്ല മാതൃകകള്‍ രാജ്യത്തിന് മുന്നിലുണ്ടെന്നും അവ പിന്തുടരുവാന് കുട്ടികള്‍ക്ക് കഴിയണമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കോഴിക്കോട് കുളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി പറഞ്ഞു. 2500 ഗ്രാമങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 5000 കുട്ടികളുടെ അഭിരുചി വികസന ശിബിരമാണ് ബാലഭാരതം.
ശിബിരത്തില്‍ സംഗീതം, നൃത്തം, ചിത്രകല, അഭിനയം, നാടന്‍പാട്ട്, കാവ്യാലാപനം, പ്രഭാഷണകല, ശാസ്ത്രകൗതുകം എന്നീ എട്ടുവിഷയങ്ങളില് കേരളത്തിലെ അതുല്യ പ്രതിഭകള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. യോഗയും ഭഗവദ്ഗീതയും സമന്വയിപ്പിച്ച് ബാലഗോകുലം തയ്യാറാക്കിയ യോഗീഉത്സവം എന്ന അനുഷ്ഠാന ക്രിയാപദ്ധതി ബാലഭാരതവേദിയില് അവതരിപ്പിക്കും. നല്ല ആരോഗ്യം നല്ല വിചാരം എന്ന സന്ദേശം പ്രചരിപ്പിക്കുന്ന യോഗീഉത്സവം അയ്യായിരം കുട്ടികള്‍ ഒരുമിച്ച് ഒരുവേദിയിലായിരിക്കും അവതരിപ്പിക്കുക.
നാളെ ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന വിഷയത്തില്‍ കുട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീഡിയോ സംവാദം നടത്തും. അയ്യായിരം കുട്ടികളില്‍ നിന്ന് പതിനായിരം ആശയങ്ങള്‍ സ്വരൂപിക്കുന്നതിനാണ് ഈ സംവാദം. ശിബിരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും നല്ലതു കേട്ടു വളരാം എന്ന സങ്കല്‍പ്പത്തില്‍ റേഡിയോ ഉപഹാരമായി നല്‍കും.
നാളെ നടക്കുന്ന സമാപനസഭ കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി രാജ് വര്ദ്ധന്സിങ് റാത്തോഡ് ഉദ്ഘാടനം ചെയ്യും. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനും ബാലഗോകുലത്തിന്റെ സാന്ദീപനിയായിരുന്ന കവി കുഞ്ഞുണ്ണി മാഷിനുമുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് ബാലഭാരതം.