തലശ്ശേരി: ദളിത് യുവതികളെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്കും അറസ്റ്റ് നടത്തിയ എസ്.ഐക്കെതിരെ പൊലീസ് പരാതി പരിഹാര സെല്ലിലും പരാതി നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ കീഴിലുള്ള നിയമസഹായ സമിതിയാണ് പരാതി നല്കാന് തീരുമാനിച്ചത്.
സി.പി.എം ഓഫീസില്‍ അതിക്രമിച്ച് കയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചു എന്ന പരാതിയിലാണ് ദളിത് യുവതികളായ അഖിലയെയും അഞ്ജനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. അറസ്റ്റ് ചെയ്ത ദിവസം തന്നെ ജാമ്യാപേക്ഷ നല്‍കിയെങ്കിലും മജിസ്ട്രേറ്റ് പരിഗണിച്ചില്ല. അതേസമയം, ഇതേ അപേക്ഷ അടുത്ത ദിവസം നല്കിയപ്പോള് ജാമ്യം അനുവദിക്കുകയും ചെയ്തു. വനിതകള്‍ക്ക് ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പാലിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടും.
ദളിത് യുവതികളെ ജയിലിലടക്കണമെന്ന ഉദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് പൊലീസിനെതിരെയുള്ള പരാതി. അഖിലയുടെ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ യുവതികള്‍ക്കൊപ്പം ജയിലിലടക്കേണ്ടി വന്നത് സംബന്ധിച്ച് ബാലാവകാശ കമ്മീഷനും പരാതി നല്‍കുന്നുണ്ട്.