ശ്രീനഗര്‍: രാജ്യം സ്വാതന്ത്ര്യദിനം ആഷോഷിക്കുന്നതിനിടെ ശ്രീനഗറില്‍ തീവ്രവാദികളുടെ ആക്രമണം. മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. അഞ്ച് സിആര്‍പിഎഫ് ജവാന്മാര്ക്കും ഒരു പൊലീസുകാരനും ആക്രമണത്തില്‍ പരിക്കേറ്റു. അതിനിടെ അസമിലും മണിപ്പൂരിലും ചെറുസ്ഫോടനങ്ങളും ഉണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കില്ല.
ശ്രീനഗറിലെ നൗഹാട്ടയില്‍ രാവിലെ 8.10 ഓടെ സുരക്ഷാസേനയുടെ പട്രോളിംഗ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികള്‍ പട്രോളിംഗ് സംഘം എത്തിയതോടെ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റിലാണ് ഐഇഡി ചിപ്പ് ഉപയോഗിച്ചുളള രണ്ട് ചെറുസ്ഫോടനങ്ങള്‍ ഉണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല. അസമില്‍ തിന്സൂക്യ ജില്ലയിലും ശിവസാഗര്‍ മേഖലയിലുമായി നാല് ചെറു സ്ഫോടനങ്ങളാണ് ഉണ്ടായത്. ഇവിടെയും ആര്‍ക്കും പരിക്കില്ല. തിന്സൂക്യ ജില്ലയില്‍ മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായത്.
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ഭീകരാക്രണ സാദ്ധ്യതയുളളതിനാല്‍ കശ്മീര്‍ ഉള്‍പ്പെടെയുളള പ്രധാനയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.