മുംബൈ: ആര്‍ബിഐ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ചുമതലയേറ്റു. ആര്‍ബിഐയുടെ ഇരുപത്തിനാലാം ഗവര്‍ണര്‍ ആണ് ഊര്‍ജിത് പട്ടേല്‍. മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി.
2013 ജനുവരി മുതല്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്നു. മൂന്ന് വര്‍ഷം നീണ്ട ആദ്യടേം അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന് മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കിയിരുന്നു. ഈ പദവിയിലിരിക്കെയാണ് രഘുറാം രാജന് വിരമിച്ച ഒഴിവിലേക്ക് ഊര്‍ജിത് പട്ടേല്‍ തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ മാസം ഇരുപതിനാണ് ഊര്‍ജിത് പട്ടേലിന്റെ നിയമനത്തിന് കേന്ദ്രമന്ത്രിസഭയുടെ നിയമന കാര്യങ്ങള്‍ക്കായുളള സമിതി അംഗീകാരം നല്‍കിയത്.
1996-97 കാലയളവില്‍ ഐഎംഎഫില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് ഊര്‍ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്കില്‍ എത്തുന്നത്. 1998 മുതല്‍ 2001 വരെ കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു.
ആര്‍ബിഐയുടെ സാമ്പത്തിക നയങ്ങളും പരിഷ്കാരങ്ങളും തീരുമാനിച്ച വിവിധ സമിതികളില്‍ ഊര്‍ജിത് പട്ടേല്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു. നാണയപ്പെരുപ്പം കണക്കാക്കുന്നതിന്റെ അടിസ്ഥാനഘടകം മൊത്തവ്യാപാര വില സൂചികയില്‍ നിന്ന് ഉപഭോക്തൃവില സൂചികയാക്കിയ നിര്‍ണായകമാറ്റം ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുളള കമ്മറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്നും ബിഎസ്സി ബിരുദം നേടിയ ഊര്‍ജിത് പട്ടേല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫിലും യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.