ന്യൂഡല്‍ഹി: വിമാനങ്ങളില്‍ യാത്രയ്്ക്കിടെ സാംസങ് ഗാലക്സി നോട്ട് 7 ഉപയോഗിക്കുന്നത് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കി. ഈ മോഡല്‍ മൊബൈലുകളുടെ ബാറ്ററിക്ക് തീപിടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച പരാതികള്‍ വ്യാപകമായതോടെ കമ്പനി ചില ഫോണുകള്‍ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഫോണിന്റെ ഉപയോഗം വിലക്കിയത്.
ലഗേജുകള്‍ക്ക് ഒപ്പവും സാംസങ് ഗാലക്സി നോട്ട് 7 കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കാന്‍ മാത്രമാണ് അനുമതി. യാത്രയ്ക്കിടെ ഫോണ്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. നേരത്തെ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും സമാനമായ നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അധികൃതരും നിര്‍ദ്ദേശം പുറത്തിറക്കിയത്.
വിമാനങ്ങളില്‍ സാംസങ് ഗാലക്സി നോട്ട് 7 ചാര്‍ജ് ചെയ്യുന്നതിനും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് വിലക്കിയിട്ടുണ്ട്. സാംസങ് ഗാലക്സി നോട്ട് 7 യാത്രയ്ക്കിടെ ഉപയോഗിക്കരുതെന്ന് പല അന്താരാഷ്ട്ര വിമാന സര്‍വ്വീസ് കമ്പനികളും സുരക്ഷ മുന്‍നിര്‍ത്തി സ്വന്തം നിലയില്‍ യാത്രക്കാരോട് ആവശ്യപ്പെടുന്നുണ്ട്.
പരാതികളെ തുടര്‍ന്ന് പത്ത് രാജ്യങ്ങളില്‍ നിന്നായി 2.5 മില്യന്‍ ഫോണുകള്‍ സാംസങ് തിരികെ ശേഖരിച്ചിരുന്നു. ഇവര്‍ക്ക് പുതിയ ഗാലക്സി നോട്ട് 7 ഫോണുകള്‍ നല്‍കും. പഴയ ഫോണുകളുടെ വില്പന കമ്പനി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.