ബെംഗലൂരു: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് സ്റ്റാര്‍ട്ട് അപ്പുകള്‍ വഴികാട്ടിയാകണമെന്ന് ശശി തരൂര്‍ എംപി.ലോകത്താകമാനം സാങ്കേതികവിദ്യയിലൂന്നിയ സംരഭങ്ങളില്‍ ഇന്ത്യന്‍ യുവാക്കളുടെ പങ്കാളിത്തം നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിട്ട് ഫെഡറല്‍ ബാങ്ക് ലോഞ്ച് പാഡും സ്റ്റാര്‍ട്ട്അപ്പ് ആക്സിലറേറ്റഡ് കമ്പനിയായ ബ്ലൂം ബ്ലൂമും സംയുക്തമായി ബെംഗലൂരുവില്‍ സംഘടിപ്പിച്ച ഗ്രീന്‍ റൂം ഇവന്റില്‍ സംസാരിക്കുക ആയിരുന്നു ശശി തരൂര്‍.
സംരംഭകര്‍ നയിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ ആശയങ്ങളിലൂടെയും ചിന്തകളിലൂടെയും ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും ശശി തരൂര്‍ പറഞ്ഞു. ഇരുന്നൂറിലധികം യുവസംരംഭകരും വ്യവസായപ്രമുഖരും സാമ്പത്തികവിദഗ്ധരും ചടങ്ങില്‍ പങ്കെടുത്തു.
മികച്ച ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഫെഡറല്‍ബാങ്ക് എല്ലാ പിന്തുണയും നല്‍കുമെന്ന്് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് വ്യക്തമാക്കി. ഇന്ത്യയിലെ പ്രമുഖനഗരങ്ങളില് സ്റ്റാര്‍ട്ട് അപ്പ് എക്കോ സിസ്റ്റം ഒരുക്കുന്നതിന് ഫെഡറല്‍ ബാങ്ക് വിപുലമായ പദ്ധതി ആവിഷ്ക്കരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ബ്ലൂം ബ്ലൂം സിഇഒ അഭിലാഷ് പരിപാടിക്ക് നേതൃത്വം നല്കി.