Defence

നരകത്തിൽ പോയാലും തീർത്തിട്ട് തിരിച്ചു വരും: ഭാരതത്തിന്റെ സ്വന്തം പാരാ എസ് എഫ്

ദീർഘദൂര ഓട്ടമത്സരമായ മാരത്തണിൽ ഓടിത്തീർക്കേണ്ടത് 42.195 കിലോമീറ്ററാണ് .പരിശീലനം സിദ്ധിച്ച മാരത്തൺ ഓട്ടക്കാർ പോലും മാരത്തൺ കഴിയുമ്പോൾ അവശരാകും . ദീർഘനാളത്തെ തയ്യാറെടുപ്പും മറ്റെല്ലാ സൗകര്യങ്ങളും മാരത്തൺ ഓടുന്ന കായിക താരങ്ങൾക്ക് ലഭിക്കും. ഒരു ഭാരവും കൂടെ എടുക്കേണ്ടതുമില്ല. പക്ഷേ ലോകത്തെ ഏറ്റവും മികച്ച സ്പെഷ്യൽ ഫോഴ്സുകളിലൊന്നായ ഭാരതത്തിന്റെ പാര എസ് എഫിൽ അംഗമാകണമെങ്കിൽ ഒറ്റ ഉദ്യമത്തിൽ ഓടിത്തീർക്കേണ്ടത് എത്ര കിലോമീറ്ററാണെന്നറിയുമോ ?

100 കിലോമീറ്റർ ! അതും പതിനേഴ് കിലോ ഭാരമുള്ള യുദ്ധസാമഗ്രികളും ആയുധവുമായി.

അതി കഠിനമായ പരിശീലനത്തിന്റെ 90 ദിവസം നീണ്ടു നിൽക്കുന്ന പ്രോബേഷൻ പീരിയഡ് . മനസ്സും ശരീരവും ഒരു പോലെ തളർത്തുന്ന മുറകൾ . വിശ്രമമില്ലാതെ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലന വിഷയങ്ങൾ . അതിനു ശേഷമുള്ള 100 കിലോമീറ്റർ ഓട്ടം . ഓരോ പാരാ എസ് എഫ് വോളണ്ടിയറും ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് കടക്കേണ്ടത് സാധാരണ മനുഷ്യന് സാദ്ധ്യമാകാത്ത നിരവധി കടമ്പകളാണ്.

ഭാരതത്തിന്റെ പാരച്യൂട്ട് റെജിമെന്റിന് പതിറ്റാണ്ടുകളുടെ പോരാട്ട വീര്യത്തിന്റെയും ഉജ്ജ്വലവിജയങ്ങളുടേയും ചരിത്രമുണ്ട് . 1941 ഒക്ടോബർ 29 നാണ് പാരച്യൂട്ട് റെജിമെന്റ് സ്ഥാപിതമാകുന്നത് .പിന്നീടിങ്ങോട്ട് യുദ്ധതന്ത്രത്തിന്റെയും അനുപമമായ സൈനിക വീര്യത്തിന്റെയും പ്രതീകമായി അത് മാറി. രണ്ടാം ലോക മഹായുദ്ധത്തിൽ മ്യാന്മറിൽ ഓപ്പറേഷൻ ഡ്രാക്കുള വിജയകരമായി നടത്തിയതിന് പാരച്യൂട്ട് റെജിമെന്റിന് ലഭിച്ചത് അഭിനന്ദന പ്രവാഹങ്ങളാണ് .

The Parachute Regiment passes through the Rajpath, on the occasion of the 67th Republic Day Parade 2016, in New Delhi on January 26, 2016.
The Parachute Regiment passes through the Rajpath, on the occasion of the 67th Republic Day Parade 2016, in New Delhi on January 26, 2016.

1945 മാർച്ച് ഒന്നിനാണ് ഭാരതത്തിന്റെ സൈനികർ മാത്രമുൾപ്പെട്ട പാരച്യൂട്ട് റെജിമെന്റ് രൂപീകരിച്ചത്. പിന്നീട് പാകിസ്ഥാൻ രൂപവത്കരിക്കപ്പെട്ടപ്പോൾ റെജിമെന്റ് രണ്ടായി വിഭജിക്കപ്പെട്ടു. 1948 ൽ കശ്മീർ ആക്രമിച്ചപ്പോഴാണ് പാരച്യൂട്ട് റെജിമെന്റിന്റെ സൈനിക വൈഭവത്തിന്റെ ചൂട് പാകിസ്ഥാൻ അറിഞ്ഞത്.

1965 ലെ യുദ്ധത്തിലാണ് റെജിമെന്റിൽ നിന്നും പ്രത്യേക കമാൻഡോ സംഘം എന്ന ആശയം ഉടലെടുത്തത് . വിവിധ റെജിമെന്റുകളിൽ നിന്ന് തെരഞ്ഞെടുത്ത സൈനികർ മേജർ മേഘ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കമാണ് ഇതിന് വഴി തെളിച്ചത് . അങ്ങനെ 1966 ജൂലൈ ഒന്നിന് ആദ്യ കമാൻഡോ സംഘമായ 9 പാര രൂപീകൃതമായി.1971 ലെ ബംഗ്ളാദേശ് വിമോചന യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച പാരച്യൂട്ട് റെജിമെന്റിന് നിലവിൽ 9 പാര എസ് എഫ് ബറ്റാലിയനുകളാണുള്ളത് .

balidan

90 ദിവസം നീണ്ടു നിൽക്കുന്ന കഠിന പരിശീലനത്തിലൂടെയാണ് പാര ട്രൂപ്പറെ തെരഞ്ഞെടുക്കുന്നത് . പാര സ്പെഷ്യൽ ഫോഴ്സിലെത്തെണമെങ്കിൽ വീണ്ടുമൊരു ആറുമാസ പരിശീലനം പൂർത്തിയാക്കണം .പരിശീലനം തുടങ്ങുമ്പോഴുള്ളവരിൽ നിന്നും വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും കഠിനമായ പരിശീലന കടമ്പകൾ പൂർത്തിയാക്കുന്നത് .കായിക ശേഷിയേക്കാൾ മാനസികമായി ഏത് ആക്രമണത്തെയും , കഷ്ടപ്പാടിനേയും നേരിടാനുള്ള കഴിവാണ് പരിശോധിക്കപ്പെടുക . ഏത് കരയിലും വെള്ളത്തിലും ആകാശത്തിലും ഏത് പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിൽക്കാനും ദൗത്യം പൂർത്തിയാക്കാനും കഴിയുന്ന രീതിയിൽ ഓരോ കമാൻഡോയും സുശിക്ഷിതരാക്കപ്പെടുന്നു.

paratroopers-show-page

ബലിദാൻ മുദ്രയും മറൂൺ ബെററ്റുമാണ് പാരാ എസ് എഫിന്റെ സവിശേഷതകൾ. ഓരോ കമാൻഡോയുടേയും അഭിമാന മുദ്രകൾ . ഇത് സാധ്യമാക്കാൻ അവൻ പിന്നിടുന്നത് അതി കഠിനമായ പരിശീലനമുറകളാണ് . നരകത്തിൽ പോയാൽ പോലും പണി തീർത്ത് തിരിച്ച് വരാൻ പ്രാപ്തരാക്കുന്ന മുറകൾ . യഥാർത്ഥ ആയുധം ഉപയോഗിച്ചാണ് പരിശീലനം . ഒരു ചെറിയ തെറ്റ് പോലും ജീവൻ നഷ്ടപ്പെടുത്തും . ജോഡികളായി തിരിഞ്ഞുള്ള ആക്രമണമായതിനാൽ കൂടെയുള്ളയാൾക്ക് വെടിയേൽക്കാതെ സെന്റിമീറ്ററുകൾ മാത്രം അകലെയുള്ള ലക്ഷ്യം തകർക്കാനുള്ള പരിശീലനം അത്യാവശ്യമാണ്. പരിശീലനത്തിനിടയിൽ മരണം സ്വാഭാവികവുമാണ്.

ഭാരതത്തിന്റെ അഭിമാനമായ പാരാ എസ് എഫിൽ ബലിദാൻ മുദ്രയും മറൂൺ ബെററ്റുമണിഞ്ഞ് കമാൻഡോ ആയി സേവനമനുഷ്ഠിക്കാൻ കഴിയുന്നത് അത്ര എളുപ്പമല്ലെന്ന് ചുരുക്കം

53 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close