അൾജിയേഴ്സ് : എണ്ണ ഉത് പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ചു . അൾജീരിയയിൽ ചേർന്ന ഒപെക് രാഷ്ട്രങ്ങളുടെ യോഗത്തിലാണ് തീരുമാനം . ആഗോള തലത്തിൽ എണ്ണവിലയിടിവ് നേരിടാനാണ് ഉത്പാദനം പരിമിതപ്പെടുത്തുന്നത്.
ഖത്തർ എണ്ണ മന്ത്രി ഡോ . മുഹമ്മദ് ബിൻ സാലെ അൽ -സാദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം തീരുമാനമുണ്ടായത് . സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ശീതസമരം കാരണം കഴിഞ്ഞ രണ്ടര വർഷമായി ഇക്കാര്യത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.
ഓരോ രാജ്യവും എത്ര അളവിൽ ഉത്പാദനം നടത്തുമെന്ന് ഉടൻ തീരുമാനിക്കും. എണ്ണ വിലയിടിവ് ഒപെക് രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ച് തുടങ്ങിയതോടെയാണ് സമവായം സാദ്ധ്യമായത് . ഉത്പാദനം പരിമിതപ്പെടുത്തുന്നതോടെ എണ്ണ വില ഉയരുമെന്ന് എറെക്കുറെ ഉറപ്പായി.