ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ 550 ടണ്‍ മാഗി ന്യൂഡില്‍സ് നശിപ്പിക്കാന്‍ നെസ് ലെ കമ്പനിക്ക് സുപ്രീംകോടതി അനുമതി നല്കി. വിപണിയില്‍ നിന്ന് പിന്‍വലിച്ച ഉല്‍പ്പന്നമാണ് നശിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് നെസ് ലെയുടെ അപ്പീലില്‍ വാദം കേട്ടത്. ന്യൂഡില്‍സ് നശിപ്പിക്കാന്‍ അനുമതി നല്‍കുന്നതിന് മുന്‍പ് കോടതിയുടെ നിലപാട് അറിയണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും നിലപാട് സ്വീകരിച്ചു. രാജ്യത്തെ 39 കേന്ദ്രങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന ന്യൂഡില്‍സ് ശേഖരം നശിപ്പിക്കുന്നത് തെളിവ് നശിപ്പിക്കുന്നതിന് തുല്യമാകുമെന്നായിരുന്നു വാദം. തുടര്‍ന്നാണ് നടപടികള്‍ നീണ്ടത്.
രുചി കൂട്ടാന്‍ മോണോ സോഡിയം ഗ്ലുട്ടാമേറ്റും (എംഎസ്ജി) ഈയവും ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ വിവിധ സംസ്ഥാനങ്ങളില്‍ മാഗി ന്യൂഡില്‍സിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 38,000 ടണ്‍ നൂഡില്‍സ് പായ്ക്കറ്റുകള്‍ നെസ്ലെ നശിപ്പിച്ചിരുന്നു. ശേഷിക്കുന്ന 550 ടണ്‍ കൂടി നശിപ്പിക്കാണ് നെസ്ലെ സുപ്രീംകോടതിയുടെ അനുമതി തേടിയത്.