Defence

കശ്മീരിനെ രക്ഷിച്ച മേജർ

“സർ , ശത്രു ഞങ്ങളിൽ നിന്നും അൻപത് യാർഡുകൾ മാത്രം അകലെയാണ്. ഞങ്ങൾ അവരെക്കാൾ എണ്ണത്തിൽ വളരെ കുറവാണ്. പക്ഷേ സർ ഞങ്ങൾ ഇവിടെനിന്നും ഒരു ഇഞ്ച് പോലും പിന്നോട്ടില്ല. അവസാന ശ്വാസം വരെ അവസാന റൗണ്ട് വെടി തീരും വരെ ഞങ്ങൾ പോരാടുക തന്നെ ചെയ്യും “

അതായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദേശം . 1947 നവംബർ മൂന്നിന് മാതൃഭൂമിയെ സംരക്ഷിക്കുന്നതിനിടെ ജീവൻ ബലിദാനം ചെയ്ത നാലാം കുമയൂൺ റെജിമെന്റിലെ കരുത്തനായ മേജർ . ഹോക്കി കളിക്കുന്നതിനിടെ പൊട്ടലേറ്റ കൈ പ്ളാസ്റ്ററിലായിരുന്നെങ്കിലും അത് കാര്യമാക്കാതെ യുദ്ധമുഖത്തേക്ക് കുതിച്ചെത്തിയ ധീരൻ. ഓരോ പോസ്റ്റിലും ഓടി നടന്ന് തന്റെ പട്ടാളക്കാർക്ക് ആവേശം നൽകിയ വീരനായകൻ.

അതെ ഭാരതത്തിന്റെ ആദ്യ പരമവീരചക്ര ജേതാവ്

മേജർ സോമനാഥ് ശർമ

pvc-maj-somnath

ഒടുവിൽ ശത്രുവിന്റെ ഷെൽ വർഷത്തിൽ ജീവൻ പൊലിയുമ്പോഴേക്കും അദ്ദേഹം ഒന്നുറപ്പാക്കിയിരുന്നു . തന്റെ റെജിമെന്റ് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന്

പഷ്തൂൺ അക്രമകാരികൾ ശ്രീനഗർ വിമാത്താവളത്തിന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയെത്തിയപ്പോഴാണ് സോമനാഥ് ശർമയുടെ നാലാം കുമയൂൺ റെജിമെന്റ് ആക്രമണത്തെ പ്രതിരോധിക്കാൻ രംഗത്തെത്തിയത്.

ശ്രീനഗർ വിമാനത്താവളം നഷ്ടമായാൽ കശ്മീർ തന്നെ നഷ്ടമാകുമെന്ന അവസ്ഥ . ബാഡ്ഗാമിലെത്തിയ ശത്രു നിര വിമാനത്താവളം കൈപ്പിടിയിലൊതുക്കാൻ മുന്നേറ്റം തുടരുമ്പോഴാണ് നവംബർ മൂന്നിന് രാവിലെ സോമനാഥ് ശർമയും അദ്ദേഹത്തിന്റെ റെജിമെന്റും ബാഡ്ഗാമിലെത്തുന്നത്.

ഉച്ചയ്ക്ക് രണ്ടരയോടെ അഞ്ഞൂറോളം വരുന്ന പാക് ഗോത്രസേന അൻപത് പേരടങ്ങുന്ന കുമയൂൺ റെജിമെന്റിനെ മൂന്ന് ഭാഗത്ത് നിന്നും ആക്രമിച്ചു. മോർട്ടാറുകളിൽ നിന്ന് തുരുതുരാം ഷെൽ വർഷം തന്നെയുണ്ടായി . ശ്രീനഗർ സംരക്ഷിച്ചില്ലെങ്കിൽ ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗമാകുമെന്ന തിരിച്ചറിവ് 24 കാരനായ മേജറിന്റെ സിരകളിൽ അഗ്നി ജ്വലിപ്പിച്ചു.

ശത്രുവിന്റെ ഷെൽ വർഷത്തെ തെല്ലും ഭയക്കാതെ പോസ്റ്റുകൾ തോറും ഓടി നടന്ന് അദ്ദേഹം സൈനികരെ ഉത്തേജിപ്പിച്ചു. യന്ത്രത്തോക്കുകളിൽ തിരകളെത്തിച്ച് ഒരു നിമിഷം പോലും കളയാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു . ഒടുവിൽ ശത്രുവിന്റെ ഷെല്ലേറ്റ് ആ ധീരസൈനികൻ ജീവൻ വെടിഞ്ഞു.

cwv-wqkvqaaevc_

എന്നാൽ മേജർ സോമനാഥ് ശർമയുടെ ബലിദാനം വെറുതെയായില്ല . മേജർ ശർമ കൊല്ലപ്പെട്ടെങ്കിലും അതിനു ശേഷം ആറുമണിക്കൂറോളം ശത്രു നിരയെ തടഞ്ഞു നിർത്തിയ കുമയൂൺ റെജിമെന്റ് രാജ്യത്തിനു വേണ്ടി ശ്രീനഗറിനേയും ഒപ്പം കശ്മീരിനെയും സംരക്ഷിച്ചു.
ഇരുനൂറോളം വരുന്ന പാക് ഗോത്രസൈനികർ കൊല്ലപ്പെട്ടപ്പോൾ കുമയൂൺ റെജിമെന്റിനു മേജറിനെക്കൂടാതെ നഷ്ടമായത് ഇരുപത്തിയൊന്ന് സൈനികരെയാണ് .

നവംബർ 3 മേജർ സോമനാഥ് ശർമ്മയുടെ 70 -)0 ബലിദാനവാർഷികമാണ്. സ്മരിക്കാം ആ വീരസൈനികനെ.. നമിക്കാം ആ ധീരതയ്ക്ക് മുന്നിൽ !

10K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close