BusinessIndiaNews

500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ വരും

ന്യൂഡല്‍ഹി: നിലവിലെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കും. നോട്ടുകള്‍ പിന്‍വലിച്ച കാര്യം വ്യക്തമാക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസും ആണ് ഇക്കാര്യം അറിയിച്ചത്.

പുതിയ നോട്ടുകളുടെ മാതൃകയും ഇരുവരും പുറത്തിറക്കി. വ്യാഴാഴ്ച തന്നെ പുതിയ നോട്ടുകള്‍ പുറത്തിറക്കും. അതീവ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുളള പുതിയ രൂപകല്‍പനയാണ് നോട്ടുകളില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 500 രൂപയുടെ പുതിയ നോട്ടുകള്‍ നിലവിലേതില്‍ നിന്ന് നിറത്തിലും വലുപ്പത്തിലും സുരക്ഷാസംവിധാനങ്ങളിലും ഏറെ വ്യത്യാസമുണ്ട്.

സുരക്ഷാഭീഷണി മൂലമല്ല, വ്യാജകറന്‍സികള്‍ പെരുകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. വ്യാജകറന്‍സികളുടെ ബാഹുല്യം ആര്‍ബിഐയെ ആശങ്കപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടപടി രാജ്യത്തിന്റെ മൊത്ത വിപണിയിലെ പണലഭ്യതയെ ദോഷകരമായി ബാധിക്കില്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉളളതായി ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സാമ്പത്തികമേഖലയുടെ ദീര്‍ഘകാല താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നും സാമ്പത്തിക-ധനകാര്യ പൂര്‍ണതയ്ക്ക് നടപടി സഹായിക്കുമെന്നും ശക്തികാന്ത ദാസ് വിശദീകരിച്ചു. നവംബര്‍ 24 വരെ വിപണിയിലെ സ്ഥിതി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

140 Shares
Close
Close