ബൾഗേറിയയിൽ നിന്നു കൊച്ചിയിലേക്ക് 59 കോടി; ഏജൻസികൾ അന്വേഷണം ആരംഭിച്ചു

Published by
Janam Web Desk

കൊച്ചി: വ്യവസായിയുടെ കൊച്ചിയിലെ അക്കൗണ്ടിലേക്ക് ബൾഗേറിയയിൽ നിന്നും നിക്ഷേപിച്ചത് 59 കോടി രൂപ. ഇതു കളളപ്പണമാണെന്ന സംശയത്തേത്തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. വ്യവസായിയുടേയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.

കൊച്ചിയിലെ വ്യവസായിയായ എളമക്കര സ്വദേശി ജോസ് ജോർജ്ജിന്റെ അക്കൗണ്ടിലേക്കാണ് ഈ തുകയെത്തിയത്. അതേസമയം ഇതിൽ നിന്നും വലിയൊരു സംഖ്യ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്കു മാറ്റിയതാണ് സംശയത്തിനു വഴി വച്ചത്.

ജൂലൈയിലാണ് ഈ തുക കൊച്ചി വെല്ലിങ്ടണിലുളള എസ്.ബി.ഐ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. അതേസമയം പണം നിക്ഷേപിച്ച് പതിനഞ്ചു ദിവസത്തിനുളളിൽ ഇതിൽ നിന്നും 29.5 കോടിയോളം രൂപ പിൻവലിച്ച് ബന്ധുക്കളുടെയും, കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയുമായിരുന്നു. ഇടപാടിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കാൻ ബാങ്ക് ആവശ്യപ്പെട്ടിരുന്നു. അതേസമയം സൂര്യകാന്തിയെണ്ണയും, പഞ്ചസാരയും കയറ്റുമതി ചെയ്ത വകയിലുളള പണമാണിതെന്നാണ് ജോസ് ജോർജ്ജ് വിശദീകരിച്ചത്.

അതേസമയം കസ്റ്റംസ് പരിശോധനയിൽ ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇതിനോടനുബന്ധിച്ച് ജോസ് ജോർജ്ജ് സമർപ്പിച്ച രേഖകളിൽ ചിലതും കൃത്രിമമാണെന്നു കണ്ടെത്തിയതിനേത്തുടർന്ന് വിവരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറുകയായിരുന്നു. രേഖകളിലെ സീലുകളടക്കം വ്യാജമാണെന്നു കണ്ടെത്തിയതിനേത്തുടർന്ന് ഇയാൾക്കെതിരേ കേസും ചാർജ്ജ് ചെയ്തിട്ടുണ്ട്.

പണം നൽകിയിട്ടും കയറ്റുമതി നടക്കാഞ്ഞതു സംബന്ധിച്ച് ബൾഗേറിയയിൽ നിന്നും ജോസ് ജോർജ്ജിന്റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ച ‘സ്വസ്ത ഡി’ എന്ന കമ്പനി ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ ഇവരെ ബന്ധപ്പെട്ടെങ്കിലും ഇവർ ഉദ്യോഗസ്ഥരോടു സഹകരിക്കാൻ തയ്യാറാവാതിരുന്നതും സംശയം വർദ്ധിപ്പിച്ചു.

അതേസമയം അന്വേഷണ ഏജൻസികൾ തന്നോടു പക തീർക്കുകയാണെന്ന നിലപാടാണ് ജോസ് ജോർജ്ജ് സ്വീകരിച്ചത്. അക്കൗണ്ടിലെത്തിയത് കളളപ്പണമല്ലെന്നും, ഇതു കയറ്റുമതിക്കുളള തുക തന്നെയാണെന്നും ജോസ് ജോർജ്ജ് പ്രതികരിച്ചു.

Share
Leave a Comment