ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിന് പിന്നാലെ റിലയന്‍സ് ജിയോയോട് പടവെട്ടാനൊരുങ്ങി എയര്‍ടെലും. പരിധിയില്ലാതെ വിളിക്കാനുള്ള പുതിയ പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.
145 രൂപയുടെയും 345 രൂപയുടെയും പ്ലാനുകളാണ് പുതുതായി എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിധിയില്ലാതെ ലോക്കല്‍ കോളുകള്‍ വിളിക്കാം എന്നുള്ളതാണ് 145 രൂപയുടെ പ്ലാനിന്റെ സവിശേഷത. നാഷണല്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളുകളും സൗജന്യമായിരിക്കും. ഇതിന് പുറമെ 300എം ബി ഡേറ്റയും സൗജന്യമായി ലഭിയ്ക്കും കാലാവധി 28 ദിവസമാണ്.
345 രൂപയുടെ പ്ലാനില്‍ ലോക്കല്‍, നാഷണല്‍ കോളുകള്‍ പരിധിയില്ലാതെ ഉപയോഗിക്കാം. ഇതിന് പുറമെ ഒരു ജിബി 4ജി ഡേറ്റയും ലഭിയ്ക്കും.
കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്ലും സമാനമായ ഓഫര്‍ പുറത്തിറക്കിയിരുന്നു. 149 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.
സെപ്റ്റംബര്‍ ആദ്യ വാരമാണ് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് ജിയോ ലോഞ്ച് ചെയ്തത്.