ഇസ്താംബൂൾ: തുർക്കിയിൽ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കു നിരോധനം. ദേശീയസുരക്ഷയെ ദോഷകരമായി ബാധിക്കുന്നുവെന്ന കാരണത്താലാണ് നിരോധനമെന്നാണ് വിവരം. തുർക്കിയിലെ വിവരസാങ്കേതികവിദ്യാ അതോറിറ്റിയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.
ശനിയാഴ്ച്ച മുതലാണ് രാജ്യത്ത് വിക്കിപീഡിയയ്ക്കു നിരോധനമേർപ്പെടുത്തിയത്. തുർക്കിയിലെ ഓൺലൈൻ മേഖല നിരീക്ഷിക്കുന്ന തുർക്കി ബ്ലോക്സ് എന്ന സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭീകരവാദവുമായി ബന്ധപ്പെട്ട ഉളളടക്കങ്ങൾ വിക്കിപീഡിയയിൽ കണ്ടെത്തിയതിനേതുടർന്ന് ഇവ നീക്കം ചെയ്യണമെന്ന് തുർക്കി ഭരണകൂടം വിക്കിപീഡിയയോട് ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ഇടപാടുകളെ കർശനമായി നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന രാജ്യമാണ് തുർക്കി. 2016ൽ സമൂഹ മാദ്ധ്യമങ്ങൾക്ക് മാസങ്ങളോളമാണ് രാജ്യത്ത് വിലക്കേർപ്പെടുത്തിയത്.
അതേസമയം വിക്കിപീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയതിനെതിരേ രാജ്യത്ത് വിമർശനവുമുയരുന്നുണ്ട്. തുർക്കി പ്രസിഡന്റിന്റെ ഏകാധിപത്യത്തിന്റെയും, പൗരസ്വാതന്ത്ര്യത്തിനു മേലുളള കടന്നു കയറ്റത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് വിമർശകർ ആരോപിക്കുന്നു.