Special

വീഴ്ചകളുടെ ഒരു വർഷം

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞുകൊണ്ട് അധികാരത്തിലേറിയ എൽഡിഎഫ് സ‍‍‍ർക്കാർ ഒരു വർഷം പൂർത്തിയാക്കി. ആരോപണങ്ങളും വിവാദങ്ങളും തുടക്കം മുതൽ പിടികൂടിയ സർക്കാരിനെ നേർവഴിക്ക് നയിക്കാൻ ഇനിയുള്ള നാല് വ‍ർഷങ്ങൾ കൊണ്ട് പിണറായിക്ക് സാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും ഉറ്‍റുനോക്കുന്നത്.

365 ദിവസങ്ങൾ.അതിലേറെ വിവാദങ്ങൾ.അതിലുമേറെ ആരോപണങ്ങൾ. മറ്റൊരു രീതിയിൽ ഈ സ‍ർക്കാരിനെ വിലയിരുത്താനാവില്ല. കാരണം ഏതാണ്ട് അത്രതന്നെ ചോദ്യങ്ങൾ ഉത്തരം ലഭിക്കാതെ നിയമസഭയിൽ മോക്ഷംകാത്ത് കിടക്കുന്നുണ്ട്.സ്ത്രീസുരക്ഷയും ഭൂമിസംരക്ഷണവും തുല്യനീതിയും ക്രമസമാധാനവുമൊക്കെയായിരുന്നു എൽഡിഎഫിൻറെ പ്രകടനപത്രികയിൽ മുന്നിട്ട് നിന്നത്. സ്ഥാനാർത്ഥിനിർണയത്തിലും മന്ത്രിസഭാ രൂപീകരണവേളയിലും അക്കാര്യത്തിൽ അതീവ ശ്രദ്ധപുലർത്തിയിരുന്നു പിണറായി വിജയനെന്നു വേണം മനസ്സിലാക്കാൻ.

അതുകൊണ്ടുതന്നെ പുതുമുഖങ്ങളെ പരീക്ഷിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ സ്വന്തം ആഭ്യന്തരവകുപ്പ് തന്നെ ഏറ്റവും കൂടുതൽ പഴികേട്ട ഒരു വർഷമായിരുന്നു കടന്നുപോയത്. പാർട്ടി അധികാരം ഏറ്റെടുക്കും മുൻപ് തന്നെ തൃശൂരിൽ കൊലപാതകപരമ്പരകൾക്ക് തുടക്കമിട്ടു. ഒരുവർഷത്തിനകം കണ്ണൂരിലും,പാലക്കാടും,കൊല്ലത്തും, തിരുവനന്തപുരത്തുമായി കുറെ പേരുടെ ജീവനുകൾ പൊലിഞ്ഞു.

മുഖ്യമന്ത്രിയുടെ സർവകക്ഷിയോഗത്തിൽ കൈക്കൊണ്ട ഉറപ്പുകളൊന്നും സിപിഎം പാലിച്ചില്ല. പോലീസ് അപ്രസക്തമായ ഒരു വർഷമായിരുന്നു പിന്നിട്ടത്. ജിഷ,സൌമ്യ,ജിഷ്ണുപ്രണോയ് എന്നീ കേസുകളിൽ സ‍‍ർക്കാർ കൈക്കൊണ്ട നടപടികൾക്ക് കോടതിയിൽ തിരിച്ചടികൾ ലഭിച്ചു. ഭരണത്തിൻറെ അവസാന മാസങ്ങളിൽ സംസ്ഥാനത്തിന് ചൂണ്ടിക്കാട്ടാൻ ഡിജിപി പോലും ഇല്ലെന്നായി. സ്ഥാപിത താത്പര്യത്തോടെ ഡിജിപിയെ മാറ്റിയ സർക്കാരിന് നിയമപരമായി നീങ്ങിയ സെൻകുമാറിനു മുന്നിൽ മുട്ടു മടക്കേണ്ടി വന്നു . കോടതിയിൽ മാപ്പ് പറഞ്ഞാണ് തലയൂരിയത്.

വിജിലൻസിൻറെ കാര്യത്തിലും കോടതിയുടെ വിമർശനമേറ്റുവാങ്ങേണ്ടിവന്നതോടെ ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ പിണറായിക്ക് പറയേണ്ടി വന്നു. ഐഎഎസ്,ഐപിഎസ് പോര് ഇത്രയേറെ രൂക്ഷമായ ഒരു വർഷം ഇതാദ്യമായിരുന്നു. കൈയ്യേറ്റവിഷയത്തിൽ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും രണ്ടുതട്ടിലായതും അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതും പോയ വർഷത്തിലെ പ്രധാന കളങ്കമായിരുന്നു.

മുഖ്യമന്ത്രി മുൻകയ്യെടുത്ത് സമാധാനത്തിനായി സർവകക്ഷിയോഗം വിളിച്ച കണ്ണൂരിൽ പാർട്ടി കൊലപാതക പരമ്പരകളുമായി മുന്നോട്ടു പോയത് മറ്റൊരു തിരിച്ചടിയായി . ഒറ്റപ്പെട്ട സംഭവങ്ങളെന്നാവർത്തിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ മുന്നിൽ പരിഹാസ്യനുമായി . സിപിഎമ്മിന്റെ വർഗ സ്വഭാവങ്ങളിലൊന്നായ സെൽഭരണം പോലീസ് സ്റ്റേഷനുകളിലും ഭരണകേന്ദ്രങ്ങളിലും പിടിമുറുക്കിയതോടെ നീതി പാർട്ടിക്കാർക്കു മാത്രമെന്ന നിലയിലായി .

പ്രതിപക്ഷത്തായിരുന്നപ്പോൾ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയിൽ അഴിഞ്ഞാടിയ പാർട്ടി ഇപ്പോൾ കോട്ടയത്ത് കെ എം മാണിയുടെ പാർട്ടിയെ പിന്തുണച്ച് നാണംകെടുകയും ചെയ്തു. വ്യത്യസ്തമായ നിലപാടുകളുമായി സിപിഐ മുന്നോട്ടു വന്നപ്പോൾ പഴയ തഴമ്പുകൾ ചൂണ്ടിക്കാട്ടി രക്ഷപ്പെടാനാണ് മുന്നണിയിലെ പ്രധാന പാർട്ടി ശ്രമിച്ചതും. ഭരണത്തിൽ സ്വന്തം അണികൾക്കു തന്നെ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയായി. സർക്കാരിലെ രണ്ട് മന്ത്രിമാർക്ക് രാജിവെക്കേണ്ടി വന്നതും തിരിച്ചടിയായി.

എല്ലാ കാര്യത്തിലും വീഴ്ചപറ്റിയെന്ന് വീണ്ടും വീണ്ടും പറയുന്ന അവസ്ഥകൾ ഒഴിവാക്കി അടിസ്ഥാന സൗകര്യവികസനം, റോഡുവികസനം,തീരദേശപാത ,കുടിവെള്ളം എന്നിങ്ങനെ ജനങ്ങളെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന മേഖലകളിലൊക്കെതന്നെ ഒരുപാട് മുന്നേറാനുണ്ടെന്ന തിരിച്ചറിവോടെയാവണം രണ്ടാം വർഷത്തിലേക്ക് പിണറായി സർക്കാർ കടക്കേണ്ടത്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close