MovieEntertainment

ഇത് ജയയുടെ സിനിമയാണ് ..

ശിൽപ്പ ദിനേശ്


വെറും രണ്ടേ രണ്ടു കഥാപാത്രങ്ങളെ വെച്ച് രണ്ടു മണിക്കൂറിലേറെ പ്രേക്ഷകനെ എൻഗേജ് ചെയ്‌തിരുത്തുകയെന്നത് ചില്ലറ കാര്യമല്ല. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍റെ മനസ് നിറയെ കഥാപാത്രങ്ങളായ മിസ്റ്റർ യോഗിയും ജയാ ശശിധരനും മാത്രമേയുള്ളൂവെങ്കിൽ അത് സംവിധായികയെന്ന നിലയിൽ തനൂജ ചന്ദ്രയുടെ വിജയമാണ്. കരീബ് കരീബിന്റെയും.

കണ്ടു പഴകിയ പതിവ് പ്രണയ രീതികളെയൊക്കെ ഒരു കോണിലേക്ക് മാറ്റിനിർത്തി, പ്രണയം, വിവാഹം തുടങ്ങിയ സങ്കൽപ്പങ്ങളെ പൂർണമായും മാറ്റിയെഴുതിയ പക്വതയുള്ള ഒരു പ്രണയകഥ. അതാണ് കരീബ് കരീബ് സിംഗിൾ. വിവാഹം വേർപിരിഞ്ഞതോ വിധവയോ ആയ ഒരു പെണ്ണിന് ഒരുപക്ഷേ ജയ താൻ തന്നെയല്ലേ (എല്ലാവർക്കുമല്ല) എന്ന് തോന്നിയേക്കാം. അത്തരം സ്ത്രീകൾക്ക് നമ്മുടെ സമൂഹം കൽപ്പിച്ചു വെച്ചൊരു ചട്ടക്കൂടിനെ ചിലയിടത്തെങ്കിലും സിനിമ തുറന്നു കാട്ടുന്നുണ്ട്.

ഏകാന്തത അനുഭവിക്കുന്നവർക്കേ അറിയൂ അതെത്രത്തോളം ഭീകരമാണെന്നത്. ഒറ്റയ്ക്കുള്ള ജീവിതം സുഖകരമെന്ന് പറയുന്നവർ പോലും ഒരിക്കലെങ്കിലും കൂടെയൊരാൾ വേണമെന്ന് ആഗ്രഹിക്കാത്ത നിമിഷങ്ങളുണ്ടാകില്ല. അത്തരത്തിൽ ഒരാളാണ് സിനിമയിലെ നായിക ജയശശിധരൻ. പത്ത് വർഷമായി തുടരുന്ന ഒറ്റയ്ക്കുള്ള ജീവിതത്തിന്‍റെ മടുപ്പ് മാറ്റാൻ ശ്രമിക്കുന്ന ജയ ഡേറ്റിംഗ് സൈറ്റിനെ ആശ്രയിക്കുന്നതും അതിലൂടെ പരിചയപ്പെട്ട യോഗിക്കൊപ്പം നടത്തുന്ന രസകരമായ യാത്രയുമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത് .

പൂർണമായും പാർവതിക്ക് വേണ്ടി എഴുതിയുണ്ടാക്കിയ അല്ലെങ്കിൽ ജയയിൽ കേന്ദ്രീകൃതമായ കഥയാണ് കരീബ് കരീബ് സിംഗിൾ .നായകനായ ഇർഫാനേക്കാൾ കൂടുതൽ പെർഫോം ചെയ്യാനുള്ള ഇടവും പാർവതിക്ക് തന്നെയായിരുന്നു. സേറയേയും കാഞ്ചനയേയും മലയാളത്തിൽ മികവുറ്റതാക്കിയ പാർവതി ബോളിവുഡിലും പതിവു തെറ്റിച്ചില്ല. ജയയായി പാർവതി പകർന്നാടുക തന്നെ ചെയ്തു.

ആഗ്രഹങ്ങളെ മനസിൽ ഒളിപ്പിച്ചവളുടെ ഭാവമാറ്റങ്ങളും ഒറ്റക്കുള്ള ജീവിതത്തിന്‍റെ മടുപ്പിനൊപ്പം തന്നെ അതിന്‍റെ രസങ്ങളും ഒരുപോലെ ആസ്വദിക്കുന്ന ജയയിലെ ശരീരഭാഷയിലെ വ്യതിയാനവും വളരെ നിസാരമായും അത്രയേറെ സൂക്ഷ്‍മമായും പാർവതി അവതരിപ്പിക്കുന്നു. ഓരോ സന്ദർഭങ്ങളിലും വളരെ ഒതുക്കത്തോടെ സുന്ദരമായ ഭാവങ്ങളായിരുന്നു അവരുടെ മുഖത്ത്.

ഇർഫാനൊപ്പം പിടിച്ചു നിൽക്കുക എന്നത് ഏതൊരു അഭിനേതാവിനും വെല്ലുവിളിയാണ്. അത്രയും അസാധ്യമായ ആ അഭിനയം കണ്ടിരിക്കൽ തന്നെ ഒരു രസമാണ്. മിസ്‍റ്റർ യോഗിയെന്ന കഥാപാത്രത്തെയും പതിവുപോലെ അതിഗംഭീരമാക്കി ഇർഫാൻ. മനസിനെ അതിന്‍റെ പാട്ടിന് വിടാതെ, കൂട്ടിലടച്ച ആഗ്രഹങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്ന ജയയ്ക്ക് മുന്നോട്ടുള്ള വഴികാണിക്കാനെത്തുന്ന ഒരാൾ. ഒരു തരത്തിൽ മോട്ടിവേറ്റർ തന്നെയാണ് ഇർഫാന്റെ യോഗിയെന്ന കഥാപാത്രം.

ഇർഫാൻ ഖാൻ- പാർവതി കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. അപരിചിതരായ രണ്ടുപേർ ചാറ്റിംഗിലൂടെ പരിചയപ്പെടുകയും പിന്നീട് ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന സൗഹൃദവും പ്രണയവുമെല്ലാമാണ് ചിത്രം കാട്ടിത്തരുന്നത്. പ്രമേയത്തിലെ ആവർത്തന വിരസത പക്ഷേ, കൃത്യവും ഒഴുക്കുള്ളതുമായ അവതരണത്തിലൂടെ മറികടക്കാൻ സംവിധായികയ്ക്കായി.
എല്ലാം കൊണ്ടും വിഭിന്നരായ രണ്ടുപേർ കണ്ടുമുട്ടുന്നതും അവർ തമ്മിലുള്ള അസ്വാരസ്യങ്ങളും തമാശകളും എല്ലാം കൂട്ടിയിണക്കിയ ഒരു ചേരുവ. ഒരിടത്തുപോലും സിനിമ ബോറടിപ്പിക്കുന്നില്ല. അനാവശ്യമായ ഒരു കോമഡിരംഗം പോലുമില്ല. സംഗീതവും സിനിമയ്ക്ക് ചേർന്നതു തന്നെ. എങ്ങനെ അവസാനിപ്പിക്കണം എന്നൊരു കൺഫ്യൂഷനുണ്ടോ സംവിധായികയ്ക്ക് എന്നൊരു സംശയം ഉയരുമെങ്കിലും ഒരു ട്രാജഡി ക്ലൈമാക്സ് നൽകാതെ സിനിമ അവസാനിപ്പിക്കാൻ തനൂജ ചന്ദ്രയ്ക്കായി.

റോഡ് മൂവി ഗണത്തിൽ വേണമെങ്കിൽ പെടുത്താവുന്ന ഒരു സിനിമയാണ് കരീബ് . ഡെറാഡൂൺ , ഡൽഹി , ഗാംഗ്ടോക്ക് എന്നിവിടങ്ങളിലേക്ക് നായകനും നായികയും നടത്തുന്ന യാത്രകളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത് . ഒട്ടും ഭംഗി ചോരാതെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി ഛായാഗ്രാഹകനും മികവു തെളിയിച്ചു.

രണ്ട് മണിക്കൂർ രസകരമായി കടന്നു പോകുന്ന ലളിതവും സുന്ദരവുമായ സിനിമ. കരീബ് കരീബ് തീർച്ചയായും നല്ലൊരു സിനിമാ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

208 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close