തൃശൂർ: പൂരങ്ങളുടെ നാട്ടിൽ കലയുടെ പൂരം പൊടിപൂരമാവുകയാണ്. കലോത്സവ താരങ്ങളെല്ലാം ഇന്ന് ഉപചാരം ചൊല്ലി പിരിയുമെന്നതിനാൽ ഇന്നലെ നടന്ന മത്സരങ്ങൾ തൃശൂരുകാർക്ക് അക്ഷരാർത്ഥത്തിൽ വെടിക്കെട്ട് തന്നെയായിരുന്നു. വേദികളിലെല്ലാം കലയുടെ കുടമാറ്റം കണ്ടപ്രതീതി. ഒപ്പം സ്വർണ കപ്പിനായുള്ള തലപ്പൊക്കമത്സരത്തിൽ കോഴിക്കോട് തന്നെ ശിരസ്സുയർത്തി നിൽക്കുന്നു.
233ഇനങ്ങളിൽ 255 എണ്ണം പൂർത്തിയായപ്പോൾ നിലവിലെ ജേതാക്കളായ കോഴിക്കോട് മുന്നേറ്റം തുടരുകയാണ്. പാലക്കാട് തന്നെയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാംസ്ഥാനക്കാരായ തൃശൂരിനെ പിന്തള്ളി കണ്ണൂര്‍ മൂന്നാം സ്ഥാനത്തേക്ക് കടന്നു . നേരിയ പോയിന്റ് വ്യത്യാസത്തിലാണ് മൂന്നു സ്ഥാനങ്ങളും നിലനില്‍ക്കുന്നത് എന്നുള്ളതിനാല്‍, ജേതാക്കളെ അറിയാന്‍ അവസാന മത്സരയിനം വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് അവസ്ഥ.
ഇത്തവണയും കോഴിക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയാൽ തുടർച്ചയായി 12-ാം തവണയും കിരീടം സ്വന്തമാക്കുന്ന ജില്ലയാകും കോഴിക്കോട്. 19 തവണ സ്വർണ കപ്പ് നേടുന്ന ജില്ല എന്ന ചരിത്രവും കോഴിക്കോടിനു സ്വന്തം.
വിവിധ ഇനങ്ങളിലായി ആദ്യ ദിവസം മുതല്‍ തന്നെ കടുത്ത മത്സരങ്ങലാണ് അരങ്ങേറിയത്. അതേ സമയം അപ്പീൽകളുടെ ബാഹുല്യം വേദികളുടെ അപാകതയും കലോത്സവം നടത്തിപ്പിനെ സാരമായി ബാധിച്ചു. ദിവസേന ആയിരക്കണക്കിന് അപ്പീലുകളാണ് എത്തിയിരുന്നത്.
24 വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. പരിഷ്കരിച്ച മാന്വല്‍ അനുസരിച്ച് നടപ്പാക്കുന്ന ആദ്യത്തെ കലോത്സവം എന്ന നിലയിലും, ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടക്കുന്ന ആദ്യ കലോത്സവമെന്ന പ്രത്യേകതയും 58-ാം മത് കലോത്സവത്തിന് അവകാശപ്പെട്ടതാണ്.
എല്ലാ വേദികള്‍ക്കും മരങ്ങളുടെയും സസ്യങ്ങളുടെയും പൂക്കളുടെയും പേരിട്ട കലോത്സവം കൂടിയാണിത്. സാംസ്കാരിക നഗരത്തിന്റെ പെരുമ വിളിച്ചോതുന്നതായിരുന്നു കലോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവവും.