ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഹോളി. നാന ജാതി മതസ്ഥർ കൊണ്ടാടുന്ന ആഘോഷമാണ് ഹോളി. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം. ഹൈന്ദവ കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർണമി ദിവസമാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം ആരംഭിക്കുന്നു. പിറ്റേന്നാണ് നിറങ്ങൾ ഉപയോഗിച്ചുള്ള യഥാർത്ഥ ഹോളി ആഘോഷം നടക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഹോളി ഓരോയിടത്തും വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. ഓരോ സ്ഥലങ്ങളിലും അവിടുത്തെ വിശ്വാസങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും എല്ലാം കണക്കാക്കി മാറ്റങ്ങൾ കാണാൻ സാധിക്കും. വ്യത്യസ്തമായ രീതിയിൽ ഹോളി ആഘോഷിക്കുന്ന ഇന്ത്യയിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം..
ഷിഗ്മോ ഫെസ്റ്റിവൽ
ഗോവയുടെ സ്വന്തം ഹോളി ആഘോഷമാണ് ഷിഗ്മോ ഫെസ്റ്റിവൽ. കൊങ്കണി സമൂഹമാണ് പ്രധാനമായും ഇത് ആഘോഷിക്കുന്നത്. അഞ്ച് ദിവസത്തെ സാംസ്‌കാരിക പരിപാടിയാണ് ഇത്. ഫ്‌ലോട്ട് പരേഡാണ് ഷിഗ്മോ ഉത്സവത്തിന്റെ പ്രധാന ആകർഷണം. ഇന്ത്യയിലും പുറത്തും നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഉത്സവമാണിത്.
ഡോൾ ജാത്ര
ഹോളി പശ്ചിമ ബംഗാളിലെത്തുമ്പോൾ ഡോൾ എന്നാണ് അറിയപ്പെടുന്നത്. ‘ബസന്ത ഉത്സവ്’ എന്നും ഇത് അറിയപ്പെടുന്നു. സ്ത്രീകൾ ഈ ദിവസം സമൃദ്ധിയുടെ നിറമായ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് പൂജാദി കർമ്മങ്ങൾ നിർവഹിക്കുന്നു. വിപുലമായ ആഘോഷങ്ങളാണ് ഹോളിയോട് അനുബന്ധിച്ച് നടത്തുന്നത്.
മഹിള ഹോളി
ഉത്തരാഖണ്ഡിലെ ഹോളി ആഘോഷമാണ് മഹിള ഹോളി. ഖടി ഹോളി, മഹിളാ ഹോളി, ബൈഠക്കി ഹോളി എന്നിങ്ങനെ വിവിധ പേരുകളിലാണ് ഹോളി ആഘോഷം അറിയപ്പെടുന്നത്. പരമ്പരാഗത വേഷങ്ങൾ ധരിച്ചുകൊണ്ട് നാടോടി ഗാനങ്ങൾ ആലപിച്ചും നൃത്തം ചവിട്ടിയും, പരസ്പരം നിറങ്ങൾ വാരി വിതറിയും ആഘോഷിക്കുന്നു.
ലാത്മർ ഹോളി
ഇന്ത്യയിലെ ഹോളി ആഘോഷങ്ങളിൽ ഏറ്റവും വ്യത്യസ്തമാണ് ലാത്മർ ഹോളി. ഉത്തർപ്രദേശിലാണ് ഇത് ആഘോഷിക്കുന്നത്. ഗോപകുമാരന്മാർ ഗോപസ്ത്രീകളെ കളിയാക്കുന്നതും ഇത് ഇഷ്ടപ്പെടാത്ത ഗോപസ്ത്രീകൾ അവരെ വടി ഉപയോഗിച്ച് തല്ലുന്നതുമാണ് ഈ ആഘോഷം. ബർസാനയിലെ രാധാ ലക്ഷ്മി ക്ഷേത്രത്തിൽ വെച്ചാണ് ലാത്മാർ ഹോളി ആഘോഷങ്ങൾ നടക്കുന്നത്. സാധാരണഗതിയിൽ മൂന്നു ദിവസം ലാത്മാർ ഹോളി ആഘോഷങ്ങൾ നീണ്ടു നിൽക്കുന്നു.
ഹോല മൊഹല്ല
പഞ്ചാബിലെ ചില പ്രദേശങ്ങളിൽ ഹോളി ‘ഹോല മൊഹല്ല’ എന്ന പേരിൽ അറിയപ്പെടുന്നു. സിഖ് വീരയോദ്ധാക്കളുടെ സ്മരണയെ സൂചിപ്പിക്കുന്ന ദിനമായാണ് പഞ്ചാബികൾ ആചരിക്കുന്നത് എന്ന് പറയപ്പെടുന്നു. പരമ്പരാഗത ആയോധന കലകളുടെ പ്രദർശനത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചിക്കുന്നത്. തുടർന്ന് സംഗീത നൃത്ത പരിപാടികൾ സംഘടിപ്പിക്കുന്നു.
യോഷാങ്
ഇന്ത്യയിലെ തീർത്തും വൈവിധ്യമാർന്ന ഹോളി ആഘോഷം നടക്കുന്ന സംസ്ഥാനമാണ് മണിപ്പൂർ. ആഘോഷം എന്നതിലുപരി പുതിയ ഒരു സംസ്‌കാരത്തെ പരിചയപ്പെടുവാനുള്ള അവസരമാണ് യോഷോങ് ആഘോഷം നൽകുക. ലാംഡയിലെ ആദ്യത്തെ പൗർണ്ണമി ദിനത്തിലാണ് ആഘോഷം ആരംഭിക്കുന്നത്.
ധുതലേതി
ഗുജറാത്തിലെ ഹോളി ആഘോഷമാണ് ധുതലേതി എന്ന പേരിലറിയപ്പെടുന്നത്. ഹോളിയുടെ തലേ ദിവസം ഹോളിക ദഹനത്തോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. വിറക്, വൈക്കോൽ,ചകിരി തുടങ്ങിയവ കൊണ്ട് മൈതാനത്ത് അഗ്നികുണ്ഡം ഒരുക്കി ചുറ്റുമിരുന്ന് പ്രായഭേദമന്യേ എല്ലാവരും പൂജ ചെയ്യുന്നു. തുടർന്ന് പിറ്റേ ദിവമാണ് വർണ്ണോത്സവം സംഘടിപ്പിക്കുന്നത്.
Comments