ഡൽഹി തീൻമൂർത്തി ചൗക്കിന്റെ പേര് ഡൽഹി തീന്‍മൂർത്തി ഹൈഫ ചൗക്കായതിന് പിന്നിൽ ഇന്ത്യൻ സൈനികരുടെ പോരാട്ട വീര്യത്തിന്റെ ത്രസിപ്പിക്കുന്ന കഥയുണ്ട് . പോരാടീ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർ അന്ത്യനിദ്രകൊള്ളുന്ന സ്ഥലമാണ് ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫ.
ഒന്നാം ലോകമഹായുദ്ധകാലത്ത് ഒട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഹൈഫ. ഇതിനെ വീണ്ടെടുക്കാൻ അന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന പതിനഞ്ചാം അശ്വസേനയാണ് നിയോഗിക്കപ്പെട്ടത്.ജോധ്പൂർ , മൈസൂർ സൈനികരായിരുന്നു പതിനഞ്ചാം അശ്വസേനയുടെ ശക്തി .ആധുനിക മെഷീൻ ഗണ്ണുകളും പടക്കോപ്പുകളുമുണ്ടായിരുന്ന ഓട്ടോമൻ സൈന്യത്തെ കുന്തവും വാളുകളുമായാണ് ഇന്ത്യൻ അശ്വസേന നേരിട്ടത്.വെടിയുണ്ടകൾ തീമഴയായി വർഷിച്ചപ്പോഴും പതറാതെ കുതിച്ചു പാഞ്ഞ ഇന്ത്യൻ അശ്വസൈന്യം ഉജ്ജ്വലമായിത്തന്നെ പോരാടി.
അമൻ സിംഗ് ബഹാദൂറും അനോപ് സിംഗും മേജർ ദല്‍പത് സിംഗുമടങ്ങുന്ന ഇന്ത്യൻ സൈന്യത്തിന്റെ വീരോചിതമായ പോരാട്ടത്തിനു മുന്നിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ആധുനിക പടക്കോപ്പുകൾ അടിപതറി.ഒടുവിൽ 1918 സെപ്റ്റംബർ 23 ന് ഹൈഫ നഗരം അവർ തിരിച്ചു പിടിച്ചു.യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച മേജർ ദല്‍പത് സിംഗ് ഹീറോ ഓഫ് ഹൈഫ ആയി അംഗീകരിക്കപ്പെട്ടു.
1350 ശത്രു സൈനികരെയാണ് ഇന്ത്യൻ സൈന്യം തടവിൽ പിടികൂടിയത് . ഇതിൽ രണ് ട്ജർമൻ ഓഫീസർമാരും 35 ഓട്ടോമൻ ഓഫീസർമാരും ഉൾപ്പെടുന്നു. 17 ആർട്ടിലറി ഗണ്ണുകളും 11 മെഷീൻ ഗണ്ണുകളും പിടിച്ചെടുക്കുകയും ചെയ്തു.
യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് അന്ത്യ നിദ്രയൊരുക്കി ഹൈഫ നഗരം നൂറു വർഷം പിന്നിടുമ്പോഴും അവരെ ആദരവോടെ അനുസ്മരിക്കുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിലെത്തിയപ്പോൾ ഹൈഫയിലെ ഇന്ത്യൻ സൈനികരുടെ പോരാട്ട സ്മാരകത്തിൽ പ്രണാമമർപ്പിച്ചിരുന്നു.
ആധുനിക ഇസ്രയേലിൻ` രൂപം കൊടുത്തതിൽ ഹൈഫ യുദ്ധവും ഇന്ത്യൻ സൈനികരുടെ പോരാട്ടവീര്യവും പ്രധാന പങ്കുവഹിച്ചതായി ഇസ്രയേൽ സാക്ഷ്യപ്പെടുത്തുന്നു. ഇന്ന്
ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചപ്പോൾ തീന്‍മൂർത്തി ചൗക്കിന്റെ പേരിൽ ഹൈഫ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു .ഇസ്രയേലിന്റെ ചരിത്ര പാഠപുസ്തകങ്ങളിൽ സുവർണ ലിപികളിലെഴുതിച്ചേർത്ത ഇന്ത്യൻ സൈന്യത്തിന്റെ ധീരബലിദാനത്തിന് തികച്ചും അർഹിക്കുന്ന ആദരവ്.