Sports

ചരിത്രം തിരുത്തി ഭാരതം

സെന്റ് പീറ്റേഴ്സ്ബർഗ് : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി . ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര വിജയം നേടുന്നത് . അഞ്ചാം ഏകദിനത്തിൽ ആതിഥേയരെ 73 റൺസിന് പരാജയപ്പെടുത്തിയാണ് 4-1 ന് ‌ കോഹ്‌ലിയുടെ ടീം ചരിത്ര നേട്ടം സ്വന്തമാക്കുന്നത് . 275 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റൺസിനു ഓൾ ഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനു നിയോഗിക്കപ്പെട്ട ഇന്ത്യ രോഹിത് ശർമ്മയുടെ സെഞ്ച്വറി തിളക്കത്തിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. കൂറ്റൻ സ്കോറിലേക്ക് ഒരു ഘട്ടത്തിൽ നീങ്ങുകയായിരുന്ന ഇന്ത്യയെ എംഗിഡിയുടെ കണിശതയാർന്ന ബൗളിംഗാണ് പിടിച്ചു കെട്ടിയത് .

രോഹിത് ശർമ്മയേയും ഹാർദിക് പാണ്ഡ്യയേയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ എംഗിഡി പിന്നീട് ശ്രേയസ് അയ്യരേയും മഹേന്ദ്രസിംഗ് ധോണിയേയും പുറത്താക്കിയതോടെ ഇന്ത്യൻ സ്കോറിംഗ് കുത്തനെ ഇടിയുകയായിരുന്നു.

നേരത്തെ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കമാണ് സമ്മാനിച്ചത് . 30 പന്തിൽ 8 ബൗണ്ടറികളുടെ സഹായത്തോടെ 34 റൺസെടുത്ത ധവാനെ റബാദയാണ് പുറത്താക്കിയത്. പിന്നീട് ക്യാപ്ടൻ കോലിയുമൊത്ത് 105 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി രോഹിത് ശർമ്മ ഇന്ത്യൻ ഇന്നിംഗ്സിനു അടിത്തറ പാകുകയായിരുന്നു.

രോഹിതുമായുള്ള ധാരണപ്പിശകിൽ കോലിയും തൊട്ടു പിന്നാലെ രഹാനെയും റൺഔട്ടായി. പിന്നീട് വന്ന ശ്രേയസ് അയ്യർ 30 റൺസെടുത്ത് രോഹിതിനു പിന്തുണ നൽകിയെങ്കിലും അംഗീകൃത ബാറ്റ്സ്മാന്മാർ സ്ളോഗ് ഓവറുകൾക്ക് മുൻപ് ഔട്ടായത് ഇന്ത്യക്ക് വിനയാവുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും മോശമായിരുന്നില്ല. ആദ്യ വിക്കറ്റിൽ അം‌ലയും ക്യാപ്ടൻ മർക്രാമും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു . പത്താം ഓവറിൽ ബൂമ്രയുടെ പന്തിന്റെ ഗതി മനസ്സിലാക്കാതെ ബാറ്റ് വച്ച മർക്രാം ധോണിയുടെ കൈകളിൽ ഒതുങ്ങി . സ്കോർ 52-1

സ്കോർ 55 ൽ എത്തിയപ്പോൾ ഹാർദിക്ക് പാണ്ഡ്യയുടെ പന്തിൽ ഷോട്ടിനു ശ്രമിച്ച ജെപി ഡുമ്മിനിയെ സ്ളിപ്പിൽ നിന്ന രോഹിത് ശർമ്മ ഒന്നാന്തരമൊരു ക്യാച്ചിലൂടെ പുറത്താക്കി. തൊട്ടു പിന്നാലെ അപകടകാരിയായ എബി ഡിവില്ലിയേഴ്സും മടങ്ങി. ഹാർദിക് പാണ്ഡ്യക്ക് തന്നെയായിരുന്നു വിക്കറ്റ് . സ്കോർ 65-3

നാലാം വിക്കറ്റിൽ മില്ലർക്കൊപ്പം ചേർന്ന ഹാഷിം അം‌ല മനോഹരമായ ഷോട്ടുകളിലൂടെ ഇന്ത്യൻ ബൗളർമാരെ നേരിട്ടതോടെ സ്കോർബോർഡിനു പിന്നെയും ജീവൻ വച്ചു. മില്ലറും ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ അപകടം മണത്തു. സ്കോർ 127 ൽ എത്തി നിൽക്കേ ചാഹലിന്റെ പന്തിൽ കയറിയടിക്കാൻ ശ്രമിച്ച മില്ലർക്ക് പിഴച്ചു. ബാറ്റിനെ ഒഴിഞ്ഞ് കറങ്ങിത്തിരിഞ്ഞ പന്ത് ലെഗ്സ്റ്റമ്പിൽ പതിച്ചു. 51 പന്തിൽ 2 ഫോറും 1 സിക്സുമായി 36 റൺസായിരുന്നു മില്ലറുടെ സമ്പാദ്യം.

നാലാം ഏകദിനത്തിലെ താരം ക്ളാസനുമായി ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടു കൊണ്ടുപോയ ആം‌ല ഹാർദിക് പാണ്ഡ്യയുടെ ഉജ്ജ്വലമായൊരു ഏറിൽ റണ്ണൗട്ടായത് കളിയുടെ ഗതി പൂർണമായും ഇന്ത്യക്കനുകൂലമാക്കി. 92 പന്തിൽ അഞ്ചു ഫോറുകളോടെ ആം‌ല 71 റൺസ് എടുത്തു.

ആളിക്കത്താൻ ക്ളാസൻ ശ്രമിച്ചെങ്കിലും വാലറ്റത്ത് നിന്ന് പിന്തുണ ലഭിക്കാതായതോടെ സമ്മർദ്ദത്തിലായി. 42 പന്തിൽ 2 സിക്സറും 2 ഫോറുമായി 39 റൺസ് എടുത്തു നിൽക്കെ കുൽദീപ് യാദവിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ക്ളാസനെ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കി .

പിന്നീട് എല്ലാം ചടങ്ങു മാത്രമായി . റബാദയും ഷംസിയും കുൽദീപ് യാദവിന്റെ സ്പിൻ ബൗളിംഗിനു മുന്നിൽ മുട്ടുകുത്തിയപ്പോൾ മോർക്കലിനെ ചാഹൽ വിക്കറ്റിനു മുന്നിൽ കുടുക്കി ഇന്ത്യക്ക് വിജയവും പരമ്പരയും സമ്മാനിച്ചു. കുൽദീപ് യാദവ് 4 വിക്കറ്റ് നേടി. ഹാർദിക് പാണ്ഢ്യയും ചാഹലും രണ്ട് വിക്കറ്റുകൾ വീതം നേടിയപ്പോൾ ബൂമ്ര ഒരു വിക്കറ്റ് വീഴ്ത്തി .

ബൂമ്രയും പാണ്ഡ്യയും കണിശതയാർന്ന പേസ് ബൗളിംഗ് കാഴ്ച്ച വച്ചപ്പോൾ ഇരുവരും ചേർന്ന് എറിഞ്ഞ 16 ഓവറുകളിൽ വെറും 52 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ ചെയ്യാനായത്. കരിയറിലെ പതിനേഴാം സെഞ്ച്വറി നേടിയ രോഹിത് ശർമ്മയാണ് മാൻ ഓഫ് ദ മാച്ച്.

ഫെബ്രുവരി 16 ന് സെഞ്ചൂറിയനിലാണ് ‌പരമ്പരയിലെ അവസാന മത്സരം. തുടർന്ന് മൂന്ന് ടി20 മത്സരങ്ങളും നടക്കും.

Close
Close