തിരുവനന്തപുരം:സംസ്ഥാനത്ത് സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചര്‍ച്ച നടത്തും. ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചര്‍ച്ച.
സമരം തുടരുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു മുന്നോടിയായി ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍വാഹനവകുപ്പ് നടപടി ആരംഭിച്ചിരുന്നു.
സമരം നടത്തുന്ന ബസുകള്‍ ഓടിക്കാതിരിക്കുന്നതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. മറുപടി തൃപ്തികരമല്ലെങ്കില്‍ ബസുടമകളുടെ പെര്‍മിറ്റ് റദ്ദാക്കാനാണ് തീരുമാനം. നിലവിലെ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം അറ്റകുറ്റപ്പണിക്കുവേണ്ടിമാത്രമേ ബസുകള്‍ ഓടാതിരിക്കാന്‍ പാടുള്ളൂ.
കഴിഞ്ഞ നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം ജനങ്ങളെ വലച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.