ന്യൂഡൽഹി : കൊടും ക്രിമിനലുകളേയും ഭീകരരേയും നേരിടുന്ന ഡൽഹി പൊലീസിന്റെ സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് ( SWAT) ടീമിൽ ഇനി വനിതകളും. നാൽപ്പത് വനികളെ ഈ ടീമിലേക്ക് റിക്രൂട്ട് ചെയ്യാനാണ് തീരുമാനം.
2008 ലെ മുംബൈ ആക്രമണത്തോടനുബന്ധിച്ചാണ് പ്രത്യേക ടീം തയ്യാറാക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചത് . നിലവിൽ ഇരുനൂറാണ് ഈ ടീമിന്റെ അംഗസംഖ്യ. അടുത്ത ബാച്ചിനെ തെരഞ്ഞെടുക്കുമ്പോൾ അതിനൊപ്പം വനികളേയും തെരഞ്ഞെടുക്കുമെന്നും പരിശീലനം ഒരുമിച്ചായിരിക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
എകെ -47 , എം.പി 5 മെഷീൻ ഗൺ , ഗ്ളോക്ക് 17 പിസ്റ്റൾ, കോർണർ ഷോട്ട് തോക്കുകൾ തുടങ്ങിയവയാണ് സ്വാറ്റ് ടീമിന്റെ ആയുധങ്ങൾ. ഇസ്രയേൽ സൈന്യത്തിന്റെ ട്രേഡ്മാർക്കായ കായികാഭ്യാസം ക്രവ് മാഗയും പരിശീലന പദ്ധതിയുടെ ഭാഗമാണ്.
ബുള്ളറ്റ് പ്രൂഫ് ഹെൽമറ്റ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് , പെൻസിൽ ടോർച്ച് , തുടങ്ങിയവയും ആയുധങ്ങളുടെ ഭാഗമാണ്. നാഷണ സെക്യൂരിറ്റി ഗാർഡിനു ലഭിക്കുന്ന തരത്തിൽ പത്തു മാസത്തെ കഠിന പരിശീലനവും ഇവർക്ക് നൽകും.