കോട്ടയം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക എന്ന പൈശാചിക തന്ത്രത്തിന് പലരും വിധേയപ്പെടുന്നതായി കാണുന്നെന്ന് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. സഭയിലെ ഐക്യത്തിനും സമാധാനത്തിനുമായി രൂപത അംഗങ്ങള്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്നും അതിരൂപതയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
സഭയില്‍ ഐക്യവും സമാധാനവും അച്ചടക്കവും സംജാതമാകുന്നതിനും ക്രൈസ്തവ പീഡനങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും അതിരൂപതാംഗങ്ങള്‍ ഈ വെള്ളിയാഴ്ച ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങള്‍ ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ വേദനിപ്പിക്കുന്നതാണ്. ഉള്ളില്‍ നിന്നും പുറത്തുനിന്നും സഭയ്ക്ക് പീഡനങ്ങളും ഭീഷണികളും നേരിടേണ്ടിവരുന്നു. പുറത്തുനിന്നുള്ള ഭീഷണികളും പീഡനങ്ങളും സഭയ്ക്ക് എക്കാലത്തും നേരിടേണ്ടിവന്നിട്ടുണ്ട്.
കര്‍ദ്ദിനാളിനെതിരെയുള്ള നീക്കത്തിനെതിരെ ലേഖനത്തില്‍ പലയിടത്തായി പരോക്ഷമായി പരാമര്‍ശിക്കുന്നതിങ്ങനെ. സ്വന്തം ജനമാണ് ഈശോയെ തിരസ്കരിച്ചതും കുരിശിലേറ്റിയതും. എങ്കിലും അവരുടെ രക്ഷയ്ക്കുവേണ്ടിയാണ് ഈശോ സഹിച്ചതും മരിച്ചതും. എന്നാല്‍ പീഡാനുഭവങ്ങള്‍ക്ക് ശേഷം ഉയിര്‍പ്പ് ഉണ്ടാകുമെന്ന് നിശ്ചയമാണ്. സീറോ മലബാര്‍ സഭ ഐക്യത്തോടെ മുന്നേറാന്‍ പ്രാര്ത്ഥിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.