ലക്ഷ്യബോധത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ തന്നെയാണ് ഒരു രാജ്യത്തിന്റെ വളർച്ചക്ക് ആധാരം.വികസനപദ്ധതികൾ പോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികളും. അത്തരത്തിൽ സായി ഗ്രാമം ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളെക്കുറിച്ചാണ് ജനക്ഷേമം പരിശോധിക്കുന്നത്.
അനാഥത്വം കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും പ്രത്യേകിച്ച് വൃദ്ധജനങ്ങളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. സമൂഹം അവർക്കുനേരെ മുഖംതിരിക്കുമ്പോൾ സായിഗ്രാമം ഇക്കൂട്ടർക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നു.കലയേയും കലാകാരന്മാരെയും പരിപോഷിപ്പിക്കുന്നതിനായി ബൃഹത് പദ്ധതിതന്നെ സായി ഗ്രാമം നടപ്പിലാക്കിവരുന്നു. സോഷ്യൽ ടൂറിസം പദ്ധതിപ്രകാരം കലാകാരന്മാർക്ക് സൗജന്യമായി താമസിച്ചു തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിൽ മുഴുകാനും അവസരമുണ്ട്.
നന്മയുടെ വഴിവിളക്കാകുന്ന ഈ ജീവകാരുണ്യപദ്ധതികളുടെയെല്ലാം അടിസ്ഥാനം ഭക്തിയും ഈശ്വരവിശ്വാസവും ഇടകലരുന്ന നേർരേഖ തന്നെ. പ്രശസ്തമായ സത്യസായിബാബ ക്ഷേത്രം സ്ഥിതിചെയ്യുന്ന തോന്നയ്ക്കൽ സായി ഗ്രാമം ഒരു ക്ഷേത്ര ഗ്രാമം കൂടിയാകുന്നു. നിരാലംബർക്കും അശരണർക്കും അഭയമേകിക്കൊണ്ട് സമ്പൂർണ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടുകൂടിയാണ് സായിഗ്രാമത്തിന്റെ ഒരോ പ്രവർത്തനങ്ങളും, സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികൾക്കൊപ്പം ഇത്തരം പ്രസ്ഥാനങ്ങൾ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും രാഷ്ട്രവികസനത്തിനു കരുത്തുപകരുന്നു.