ന്യൂഡൽഹി: ഐപിഎല്ലിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങി ഡൽഹി ഡയർ ഡെവിൾസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ ഗൗതം ഗംഭീറാണ് ഇത്തവണ ഡൽഹിയുടെ അമരത്ത്. ഡൽഹിയുടെ ആദ്യ മത്സരം എട്ടാം തീയതി കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെയാണ്.
ആരേയും തോൽപ്പിക്കാൻ കരുത്തർ. അരോടും തോൽക്കുന്നവർ… ഐപിൽ പത്തു സീസൺ പിന്നിടുമ്പോൾ ഡൽഹി ഡയർ ഡെവിൾസിനെ ഇങ്ങനെ ചുരുക്കിപ്പറയാം. 2008ലും 2009ലും 2012ലും പ്ലേ ഓഫിലെത്തിയതൊഴിച്ചാൽ ആരാധകരെ തൃപ്തിപ്പെടുത്താൻ ഇനിയുമായിട്ടില്ല ഡൽഹി ഡയർ ഡെവിൾസിന്.
2011, 13, 14 സീസണുകളിലാകട്ടെ പോയിന്‍റ് പട്ടികയിൽ ഏറ്റവും പിന്നിലായിരുന്നു ടീമിന്‍റെ സ്ഥാനം. വീരേന്ദർ സേവാഗും ഗൗതം ഗംഭീറുമൊക്കെ നിറഞ്ഞു നിന്ന ആദ്യ സീസണുകൾ പിന്നിട്ടതോടെ പലതവണ ഡൽഹിയുടെ താരനിര പലതവണ മാറി. അസ്ഥിരമായ ടീമിനെപ്പോലെ മാനേജ്മെന്‍റും. പലതവണ ടീം പൊളിച്ചുപണിതെങ്കിലും കിരീടം അകന്നുനിന്നു. വീണ്ടുമൊരു ഉയർത്തെഴുനേൽപ്പിന് ഒരുങ്ങുകയാണ് ഡെയർ ഡെവിൾസ്.
നായകനായി ഗൗതം ഗംഭീർ തിരിച്ചെത്തുന്നു. മധ്യനിരയിൽ കരുത്താകാൻ ഗ്ലെൻ മാക്സ്‍വെൽ, യുവതാരങ്ങളായ ശ്രേയസ് അയ്യർക്കും ഋഷഭ് പന്തിനുമൊപ്പം അണ്ടർ 19 നായകൻ പ്രിഥ്വി ഷായും പാഡുകെട്ടും. ട്വന്‍റി 20 ക്രിക്കറ്റിലെ കരുത്തുറ്റ ബൗളിംഗ് ഓൾറൗണ്ടർമാരായ ക്രിസ് മോറിസും, ഡാൻ ക്രിസ്റ്റ്യനുമൊക്കെയുണ്ട്.
ബൗളിംഗിൽ പോർമുഖമാകാൻ ട്രന്‍റ് ബോൾട്ടും കസിഗോ റബാദയും ഒപ്പം മുഹമ്മദ് ഷമിയും വിജയ് ശങ്കറും. സ്പിന്നർമാരായി അമിത് മിശ്രയും ഷെഹ്ബാസ് നദീമും. രാജ്യാന്തര താരങ്ങൾക്കൊപ്പം പോരാടാൻ ഒരുപിടി യുവതാരങ്ങളും. മികച്ച ടീമിനെ അണിനിരത്താനുള്ള ചേരുവ ഇത്തവണ ഡൽഹിയ്‌ക്കുണ്ട്.
ഇതിനെല്ലാം പുറമെ പരിശീലനക്കുപ്പായത്തിൽ മുൻ ഓസിസ് നായകൻ റിക്കിപോണ്ടിംഗ് എത്തുന്നതും ടീമിന് കൂടുതൽ ഊർജ്ജം പകരും.















