ജയ്പൂര്‍: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും. ആദ്യ മത്സരത്തില്‍ ഇരു ടീമുകളും തോറ്റിരുന്നു. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.
സീസണിലെ ആദ്യ ചുവട് പതറിപ്പോയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും രാജസ്ഥാന്‍ റോയല്‍സിനും ജയത്തില്‍ കുറഞ്ഞൊരു ലക്ഷ്യം ഇന്നില്ല. ഗംഭീറിനെ ടീമിലെത്തിച്ച് നായകപദവി നല്‍കി പുത്തന്‍ പരിവേഷവുമായിറങ്ങിയ ഡല്‍ഹിക്ക്, ആദ്യ മത്സരത്തില്‍ ലോകേഷ് രാഹുലിന്റെ ഷോക്ക് ട്രീറ്റ്മെന്റിലാണ് കാലിടറിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിരയില്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ മാത്രമാണ് മികവിലേക്കുയര്‍ന്നത്. എങ്കിലും അപകടകാരികളായ റിഷഭ് പന്തും ശ്രേയസ് അയ്യരും മാക്‌സവെല്ലും ഫോമിലേക്കുയര്‍ന്നാല്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
പരിചയസമ്പന്നമായ ബൗളിംഗ് നിര വേഗത്തില്‍ താളം കണ്ടെത്തേണ്ടിയിരിക്കുന്നു. ട്രെന്റ് ബോള്‍ട്ടും മുഹമ്മദ് ഷമിയും അമിത് മിശ്രയും ലിയാം പ്‌ളങ്കറ്റും കഴിവ് തെളിയിച്ച കരുത്തരാണ്.
മറുവശത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ സീസണിലെ ആദ്യ മത്സരത്തിലെ പോരാട്ടം നനഞ്ഞ പടക്കമായി. സഞ്ജു സാംസണ്‍ ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് താളം കണ്ടെത്താനായില്ല. ക്യാപറ്റന്‍ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ തുടങ്ങിയവരുടെ പ്രകടനം ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാണ്. പവര്‍പ്ലേയിലെ സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് ടീമിന്റെ മുന്നേറ്റത്തിന് അനിവാര്യമാണ്. അതിന് അനുയോജ്യമായ സ്‌ഫോടനാത്മക പ്രകടനം പുറത്തെടുക്കാന്‍ താരങ്ങള്‍ക്ക് സാധിക്കേണ്ടിയിരിക്കുന്നു. ശരാശരി ബൗളിംഗ് നിരയുള്ള ടീമിന്റെ ബാറ്റിംഗായിരിക്കും മത്സരഫലങ്ങള്‍ നിര്‍ണയിക്കുക. പരിചയസമ്പന്നരും പ്രതിഭാശാലികളുമായ താരങ്ങള്‍ ഏറെയുള്ള ഇരു ടീമിനും താളം കണ്ടെത്തുകയാണ് പ്രധാനം.















