പൂനെ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. പൂനെയില്‍ രാത്രി എട്ടിനാണ് മത്സരം.
ബ്രാവോയുടെ ഫിനിഷിംഗ് മികവില്‍ മുംബൈക്കെതിരെ ജയത്തോടെ സീസണിന് തുടക്കമിട്ട ചെന്നൈ കൊല്‍ക്കത്തയ്‌ക്കെതിരെയും മികവ് ആവര്‍ത്തിച്ചു. സാം ബില്ലിംഗ്‌സിനും ഷെയ്ന്‍ വാട്‌സനുമായിരുന്നു രണ്ടാം ജയത്തിന് ചുക്കാന്‍ പിടിച്ചത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മൂന്നാം മത്സരത്തില്‍ നായകന്‍ എം എസ് ധോണി നിറഞ്ഞാടിയെങ്കിലും ടീമിന് ജയത്തിലെത്താനായില്ല. അന്‍പാട്ടി റായിഡു ഉള്‍പ്പെട്ട ബാറ്റിംഗ് നിര മികച്ച പ്രകടനം തുടരുമ്പോഴും ബൗളിംഗിലെ താളപ്പിഴകളാണ് ചെന്നൈയെ അലട്ടുന്നത്. ഹര്‍ഭജനും ഇമ്രാന്‍ താഹിറും നയിക്കുന്ന ബൗളിംഗ് നിര വിക്കറ്റെടുക്കുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നിയന്ത്രണം പാലിക്കാനാവാത്തത് ചെന്നൈയെ അലട്ടുന്നുണ്ട്.
സണ്‍റൈസേഴ്‌സിനെതിരെ തോല്‍വിയോടെ സീസണിന് തുടക്കമിട്ട രാജസ്ഥാന് തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ജയം നേടാനായി. മലയാളി താരം സഞ്ജു വി സാംസണിന്റെയും അജിങ്ക്യാ രഹാനെയുടേയും മികച്ച ഇന്നിംഗ്‌സുകളാണ് ടീമിന് കരുത്തായത്. എന്നാല്‍ ബെന്‍ സറ്റോക്‌സിനും ഡാന്‍സി ഷോര്‍ടിനും രാഹുല്‍ ത്രിപാഠിയ്‌ക്കും ഫോമിലേക്കുയരാനാകാത്തത് രാജസ്ഥാനെ അലട്ടുന്നുണ്ട്. ബൗളിംഗ് നിരയില്‍ ജയദേവ് ഉനദ്ഘട്ടിനും ധവാല്‍ കുല്‍ക്കര്‍ണിയ്‌ക്കും താളം കണ്ടെത്താനായിട്ടില്ല. സ്പിന്‍ നിരയില്‍ കൃഷ്ണപ്പ ഗൗതം ഇന്നും തുടര്‍ന്നേക്കും. ചെപ്പോക്ക് വിട്ട് പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന ചെന്നൈക്കാണെങ്കില്‍ തെളിയിക്കാന്‍ ഏറെയുണ്ട് താനും.















