ബംഗലുരു: പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള ഡല്‍ഹി ഡെയര്‍ ഡെവിള്‍സും റോയല്‍ ചലഞ്ചേഴ്സ് ബംഗലുരുവും തമ്മിലാണ് ഇന്നത്തെ രണ്ടാം മത്സരം. ബെംഗലൂരുവില്‍ രാത്രി എട്ടിനാണ് മത്സരം.
പ്രമുഖരുടെ ധാരാളിത്തമുണ്ടെങ്കിലും ഒരു ടീമായി മാറാന്‍ കഴിയാത്തതാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗലുരുവിന് തിരിച്ചടിയാവുന്നത്. ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് വിരാട് കോഹ്ലിയുടെ ടീമിന് ജയം നേടാനായത്. ഒരു ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാന് എന്ന നിലയിലും കോഹ്ലി തന്റെ സ്വതസിദ്ധ മികവിന്റെ നിഴലായി മാറുന്നതാണ് ഈ സീസണില്‍ തുടക്കം മുതല്‍ കാണുന്നത്. ഈ സീസണിലെ റണ്‍ നേട്ടക്കാരില്‍ മുന്നിലാണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മാത്രമാണ് കോഹ്ലിയുടെ കരുത്തന് പ്രകടനം ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. കോഹ്ലിയുടെ ഫോമിനൊപ്പം ടീമിന്റെ ഒത്തിണക്കവും ചേര്‍ന്നുവരേണ്ടത് അനിവാര്യം. എ.ബി.ഡിവിലിയേഴ്സും ബ്രണ്ടന്‍ മക്കല്ലവും ഡികോക്കും പോലുള്ള പരാക്രമികളുണ്ടെങ്കിലും ആര്‍ക്കും കളി ജയിപ്പിക്കാന്‍ പോരുന്ന ഇന്നിംഗ്സ് കാഴ്ചവക്കാന്‍ സാധിക്കാത്തത് പോരായ്മയാണ്. ബൗളര്‍മാരുടെ പ്രകടനം ശരാശരി മാത്രം.
നായകസ്ഥാനത്ത് ഗൗതം ഗംഭീറിനെ കൊണ്ടുവന്നെങ്കിലും ഡല്‍ഹിയുടെ ഗതി പഴയതു തന്നെ. മുംബൈ ഇന്ത്യന്‍സുമായുള്ള ഒരൊറ്റ മത്സരമൊഴിച്ചാല് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഡല്‍ഹി കാഴ്ചവച്ചത്. ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് കളിയുടെ എല്ലാ മേഖലയിലും അടിമുടി മാറ്റം വരേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ ഓവറുകള്‍ കൊണ്ട് കളിയുടെ ഗതിമാറ്റാന്‍ കെല്‍പ്പുള്ള ബാറ്റ്സ്മാന്മാരുടെ അഭാവം തുടക്കം മുതല്‍ പ്രകടമാണ്. ബൗളിംഗ് നിരയുടെ കാര്യം പറയുകയും വേണ്ട. ചുരുക്കിപ്പറഞ്ഞാല്‍ ഒത്തിണക്കവും ലക്ഷ്യബോധവുമില്ലാത്ത ആള്‍ക്കൂട്ടം മാത്രമാണ് ഇപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്.