NewsSpecial

പുഴ കടന്ന് മരങ്ങൾക്കിടയിലൂടെ

ആർ. ജയകൃഷ്ണൻ

എങ്ങിനെ വിശേഷിപ്പിച്ചു തുടങ്ങണം എന്ന സംശയത്തോടുകൂടിയാണ് ഈ യാത്രയെപ്പറ്റി എഴുതിത്തുടങ്ങുന്നത്. ഇതിപ്പോൾ നാലാം തവണയാണ് സ്വപ്നം പോലെ സുന്ദരമായ ഈ യാത്രക്കായി ഇറങ്ങുന്നത്. എണ്ണപ്പനകളും, ഈറ്റക്കാടുകളും, നിബിഢവനങ്ങളും, കാട്ടാറുകളും പുഴയും, മലനിരകളും, പാറക്കെട്ടുകളും, വെള്ളച്ചാട്ടങ്ങളും , കാടിന്റെ മക്കളും സംരക്ഷകരും അന്തേവാസികളും ഓക്കെ നിറഞ്ഞ അപൂർവ പ്രദേശമാണ് ഞങ്ങളുടെ ലക്ഷ്യം.

പെരുമ്പാവൂർ ഭാഗത്തു നിന്നും വരുന്ന ഞങ്ങൾ, ആദി ശങ്കരന്റെ ജന്മനാടായ കാലടിയിൽ നിന്നും വലത്തേക്ക് തിരിഞ്ഞു, ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ വഴി, കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്ലാന്റേഷൻ കോര്പറേഷന്റെ റബർ എസ്റ്റേറ്റുകൾക്കുള്ളിലൂടെ കുടുങ്ങി കുലുങ്ങി , കയറിയിറങ്ങി, എണ്ണപ്പനകൾക്കിടയിലൂടെ യാത്ര ചെയ്ത്, സില്വർ സ്റ്റോം വാട്ടർ തീം പാർക്കിനു മുന്നിൽ വെച്ച് ആനമല റോഡിലേക്ക് കയറും. കന്യാകുമാരി സേലം NH544 ൽ ചാലക്കുടിയിൽ, ട്രാംവേ ജംക്ഷനിൽ നിന്നും ആനമല റോഡിലേക്കു പ്രവേശിക്കാം.

കൊച്ചി വാൽപാറ റോഡിനെയാണ് ആനമല റോഡ് എന്നും വിളിക്കുന്നത്. ‘ടാറ്റ ടി’ കമ്പനിക്കു കൊച്ചിയിലേക്ക് തേയില കൊണ്ടു പോകുന്നതിനായി ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ചതാണ് ഈ റോഡ്. ഇപ്പോൾ ഞങ്ങൾ അതിരപ്പള്ളി പഞ്ചായത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. എണ്ണപ്പനകൾക്കിടയിലൂടെ. ഏതാണ്ട് 74 കി മി നീളമുണ്ട് ഇ പഞ്ചായത്തിന്. പാലക്കാട്, എറണാകുളം ജില്ലകളുമായും , തമിഴ്നാടുമായും അതിരുകൾ പങ്കുവെക്കുന്നു. ഈ വഴിക്കു തന്നെയാണ്  യാത്ര.

ഷോളയാർ, ഇടമലയാർ, ആളിയാർ സംരക്ഷിതവനങ്ങൾക്കുള്ളിലൂടെ കയറി, പറമ്പിക്കുളം, നെല്ലിയാമ്പതി വനങ്ങൾക്കു വലം വെച്ച്, പ്രകൃതിയുടെയും സംസ്കാരത്തിന്റെയും വേഷപ്പകർച്ചകൾ കണ്ട് തിരികെയെത്തും. നഗരകാഴ്ചകളിൽ നിന്നും അതിന്റെ ഏച്ചുകേട്ടലുകളിൽ നിന്നുമൊക്കെ  എപ്പോഴേ അകന്നു കഴിഞ്ഞിരിക്കുന്നു. ചാലക്കുടി പുഴ അരികിൽ ഉണ്ട്. ഈ യാത്രയിൽ പലയിടങ്ങളിലും പല രൂപത്തിൽ പല ഭാവത്തിൽ അവൾ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കും.

തന്നെ നോക്കുന്നവരുടെ കണ്ണുകളിൽ പ്രണയമായി നിറഞ്ഞുകൊണ്ടു, വലിയ ഉരുളൻ കല്ലുകളെയും പാറക്കൂട്ടങ്ങളെയും തൊട്ടുതലോടി അവളൊഴുകികൊണ്ടിരിക്കുന്നു. അല്പം കൂടി മുകളിലേക്കു യാത്ര ചെയ്യുമ്പോൾ അവൾ തന്റെ രൗദ്രഭാവത്തിൽ, സർവ്വശക്തിയും ആവാഹിച്ചു, പകർന്നാടുന്നതിന്റെ ദൂരക്കാഴ്ച. ആടിതിമിർത്തു ഉല്ലസിച്ചു വരുന്നവൾ ഉഗ്രരൂപിണിയായി താണ്ഡവമാടുന്ന കാഴ്ച.

ചൂടുള്ള ചർച്ചകളാണല്ലോ അതിരപ്പള്ളിയെപ്പറ്റി നടക്കുന്നത്. ഒരു കാര്യമുറപ്പാണ്. അപൂർവ മത്സ്യ സമ്പത്തിന്റെയും, ജന്തുസസ്യ വൈവിധ്യങ്ങളുടെയും പറുദീസക്കരികിലൂടെയാണ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ശ്രീ മാധവ് ഗാഡ്ഗിലിന്റെ ഭാഷയിൽ പറഞ്ഞാൽ പരിസ്ഥിതി ലോല മേഖലകളിലൂടെ വാഴച്ചാൽ എത്തി. വാക്കുകളിൽ ഒതുങ്ങാത്ത പ്രകൃതി ഭംഗിയുടെ പ്രവേശന കവാടത്തിൽ. പോലീസിന്റെ ഒരു ചെക്ക്പോസ്റ്റ് ഉണ്ട് ഇവിടെ. വണ്ടിയുടേതടക്കം വിവരങ്ങൾ നൽകി പാസ് എടുത്തിട്ട് വേണം യാത്ര തുടരുവാൻ.

ഉപാധികളോടെയുള്ള സമയപരിധികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള യാത്രകൾക്ക് മാത്രമേ അനുവാദം ലഭിക്കുകയുള്ളൂ. രാത്രി യാത്രക്ക് അനുവാദമില്ല. അടുത്ത ചെക്ക്പോസ്റ്റ് മലക്കപ്പാറയിൽ ആണ്. അവിടെ എത്തേണ്ടുന്ന സമയവും ഇതിൽ കുറിച്ച് തരും. കാടിനുള്ളിൽ അധിക സമയം നിറുത്തിയിടുന്നുണ്ടോ, അനുമതി ഇല്ലാതെ കാടിനുള്ളിൽ മറ്റു സ്ഥലങ്ങളിലേക്കൊക്കെ പ്രവേശിക്കുന്നുണ്ടോ എന്നൊക്കെ അറിയുന്നതിനും ഈ സമയം ഉപകരിക്കും. മലക്കപ്പാറയിൽ നിന്നും തിരികെ ഈ വഴി തന്നെ പോരുന്നതിനും നിശ്ചിത സമയം വരെ മാത്രമേ അനുമതിയുള്ളൂ.

എന്ത് തന്നെയായാലും നമ്മുടെ ലക്ഷ്യം അതു കഴിഞ്ഞും മുന്നോട്ടു തന്നെയാണ്. ഈ ചെക്ക്പോസ്റ്റിനരികിലും മറ്റൊരു വെള്ളച്ചാട്ടം ഉണ്ട്. ഉയരം കുറവെങ്കിലും അപകട സാധ്യത ഇവിടെ കൂടുതലാണ്. ചില കാഴ്ചകൾ കണ്ട് ആസ്വദിക്കുവാൻ മാത്രമുള്ളതാണ്. നിയമങ്ങൾ പാലിക്കുക.ഇവിടെ നിന്നും പ്രകൃതി നമ്മെ നേരിട്ട് സ്വീകരിക്കുന്നു. ഋതുഭംഗികളെ ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്ന പ്രദേശങ്ങൾ. വലിയ കമാനങ്ങൾ ഒന്നും തന്നെയില്ല. സകല ജന്തുജീവജാലങ്ങളും, പ്രകൃതിയും, ഋതുക്കളും, സസ്യവൃക്ഷലതാദികളും എല്ലാവരും ചേർന്ന് വിരുന്നൊരുക്കി സ്വീകരിക്കുന്നു. അവർ ഒരുക്കുന്ന സംഗീതമാസ്വദിച്ചു, കാഴ്ചയുടെ ഉത്സവം കണ്ട് , മനസ്സിനുള്ളിൽ നമ്മൾ പോലുമറിയാതെ ഉണരുന്ന വികാരങ്ങൾ അനുഭവിച്ചും, എന്തൊക്കെയോ പ്രതീക്ഷകളുമായും ആണ് ഇനിയുള്ള യാത്ര.

കണ്ണുകൾക്ക് ചിത്രങ്ങളെടുക്കുവാൻ ആയിരുന്നെങ്കിലെന്നു കൊതിച്ചുപോകുന്ന നിമിഷങ്ങൾ. പെരിങ്ങൽകുത്തു ഡാമിലേക്ക് തിരിയുന്ന കവല കൂടി കഴിഞ്ഞാൽ, പിന്നീടങ്ങോട്ട് മലക്കപ്പാറ എത്തുന്നത് വരെ നമ്മളെപ്പോലെയുള്ള യാത്രികരും, പിന്നെ നമ്മളറിയാതെ നമ്മളെ കാണുന്ന ചില കണ്ണുകളുമായിരിക്കും നമുക്ക് കൂട്ട്. ചീവീടുകളുടെ ശബ്ദം ഇടതടവില്ലാതെ കേട്ടുകൊണ്ടിരിക്കും. വഴിക്കു പൊതുവെ വീതി കുറവാണ്. പല ഭാഗങ്ങളിലും രണ്ടു വണ്ടികൾ ഒരുമിച്ചു കടന്നു പോകില്ല. വികൃതിരാമന്മാർ ഇടയ്ക്കിടെ മുഖം നൽകി തൂങ്ങിയാടി പോകും. സിംഹവാലന്മാരും ഉണ്ട്. മലയണ്ണാനും ഒരു സ്ഥിരം കാഴ്ചയാണ്.

വാഴച്ചാൽ ബ്രിഡ്ജിനു മുകളിൽ നിന്നും താഴേക്ക് നോക്കിയാൽ ഭാഗ്യമുണ്ടെങ്കിൽ മൃഗങ്ങളെ കാണാം. മലമുഴക്കിയുടെ മുഴക്കം ശ്രദ്ധിക്കണം. മരച്ചില്ലകൾക്കിടയിൽ കണ്ടുപിടിക്കുവാൻ പാടാണ്. പക്ഷെ ഇത്തവണ ആ അപൂർവ ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു. അടുത്താണ് ഈ വഴിയിൽ വണ്ടി ഇടിച്ചു ഒരു വേഴാമ്പൽ മരിക്കുന്നത്. വേഗപരിധി മണിക്കൂറിൽ 35 കി മി ആയി നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും ചിലർ അതൊന്നും അറിഞ്ഞ മട്ടില്ല. വേഗത കുറച്ചു പോകുന്നത് തന്നെയാണ് കാടിനെ അറിയുന്നതിനും എളുപ്പം.

ഇനിയുള്ള യാത്രയെ ഉദ്വേഗജനകമാക്കുന്നത് ആനത്താരകളാണ്. ചവിട്ടി മെതിച്ചിട്ടിരിക്കുന്ന ഈറ്റകാടുകൾക്കിടയിലെ റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുമ്പോൾ ആനയുടെ ചൂര് പലപ്പോഴും കിട്ടിയിട്ടുണ്ട്.പക്ഷെ ഇത്തവണ ആദ്യമായിട്ടാണ് ആ ചിഹ്നം വിളി ഇങ്ങു ചെവിയിൽ എത്തുന്നത്. ഇരുളിൽ വന്യതക്കുള്ളിൽ എവിടെനിന്നോക്കെയോ ചില കണ്ണുകൾ നമ്മളെ ശ്രദ്ധിക്കുന്നുണ്ടാകാം. വഴിയിൽ ഇടയ്ക്കിടെ ആനപിണ്ടങ്ങൾ കാണാം. സന്ധ്യക്ക് ശേഷവും പുലർകാലേയും ആണ് ഇവരുടെ വിഹാരം.

പെരിങ്ങൽകുത്തു ഡാമിന്റെ റിസർവോയറും നമുക്കൊപ്പമുണ്ടാകും. മുതലകളുടെ ഭീഷണി ഇടയ്ക്കിടെ ബോർഡുകളിൽ പ്രത്യക്ഷപ്പെടുന്നു. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് ഇവിടെ വരെയും എത്തുന്നുണ്ട്. ഇടയ്ക്കു ലോവർ ഷോളയാർ ഡാമിന്റെ പെൻസ്റ്റോക് ഉം അതിനു ശേഷം ക്യാച്ച്മെന്റ് ഭാഗവും നമുക്ക് മുന്നിലേക്കെത്തും. വനാന്തർ ഭാഗത്തു ശാന്തമായി വിഹരിക്കുന്ന, പ്രകൃതി സാന്നിധ്യത്തൽ കടും പച്ചനിറമുള്ള ജലാശയം. ഇനി വരുന്ന കുറച്ചു ഭാഗം വഴി അല്പം മോശമാണ്. മലക്കപ്പാറ എത്തുന്നത് വരെ ഇത് തുടരും. വാഴച്ചാലിൽ നിന്നും കിട്ടിയ പാസ് മലക്കപ്പാറ ചെക്ക്പോസ്റ് ൽ ഏൽപ്പിക്കുക. ഏല്പിക്കുന്നതിനു മുന്നേ അതിൽ എഴുതിയിരിക്കുന്നത് വായിക്കുവാൻ മറക്കരുത്. അതിനനുസരിച്ചാണോ കാടിനുള്ളിൽ നമ്മൾ പ്രവർത്തിച്ചത് എന്നും ചിന്തിക്കുന്നത് നല്ലതാണ്.

ഇവിടം മുതൽ പ്രകൃതിയുടെ രൂപവും ഭാവവും മാറുന്നു. സംസ്കാരം മാറുന്നു. ആളുകളുടെ രൂപവും വേഷവും ഭാഷയും മാറുന്നു. തമിഴ്നാടാണ്. സൂര്യപ്രകാശം അരിച്ചിറങ്ങുന്ന, ഇരുളിമയിലാണ്ട വഴികളിലൂടെ എത്തിയ നമ്മളെ മഞ്ഞണിഞ്ഞ തേയിലതോട്ടങ്ങൾ അഴക് ചാർത്തുന്ന വീഥികളാണ് സ്വീകരിക്കുന്നത്. അപ്പർ ഷോളയാർ ഡാമും ഡാം സിറ്റിയും കടന്നു വാൽപാറയിലേക്ക്. ചില ഭാഗങ്ങളിൽ നിരത്തുകളാണ്. വശങ്ങളിൽ സാധാരണക്കാരായ തമിഴ് കുടുംബങ്ങൾ താമസിക്കുന്നു. കൂടുതലും തോട്ടം തൊഴിലാളികൾ ആണ്. തേയില നുള്ളി സഞ്ചിയിലാക്കി വരുന്നവർ, ട്രാക്ടർ, നിറമുള്ള അമ്പലങ്ങൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവ നിരത്തുകളിൽ സ്ഥാനം പിടിച്ചു.

ഇടയ്ക്കു തമിഴ്നാട് കോർപറേഷന്റെ പച്ച നിറത്തിലുള്ള പടു വൃദ്ധനായ ബസുകൾ കയറി വരുന്നത് കാണാം. കാഴ്ചയിൽ വൃദ്ധനെങ്കിലും വരവിൽ അത് തോന്നിക്കുകയെ ഇല്ല. ഗൂഗിൾ മാപ്പെടുത്താൽ ഇ പ്രദേശങ്ങളുടെ ഇരിപ്പിടം പ്രത്യേകതയുള്ളതായി കാണാം. ഇവിടെ നിന്നും മറയൂർ വഴി മൂന്നാറിലേക്കെത്താം. പഴനി വഴി കൊടൈക്കനാൽ പിടിക്കാം. നമ്മൾ പൊള്ളാച്ചിക്കാണ്. കയറിയും ഇറങ്ങിയും 40 ഹെയർപിൻ താണ്ടി വേണം പൊള്ളാച്ചിയിലേക് ഇറങ്ങുവാൻ. മഞ്ഞു പടരുവാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്ന ബോർഡുകൾ കാണാം. ആദ്യത്തെ തവണ ഇത് വഴി വരുമ്പോൾ കോട പുതച്ചിരുന്നു.

ചെറു ചാറ്റൽ മഴയിൽ മഞ്ഞണിഞ്ഞ മലനിരകളിറങ്ങി അന്ന് പൊള്ളാച്ചിയിൽ എത്തിയപ്പോൾ അന്ന് കാണാതെ പോയ കാഴ്ചകളാണ് ഇത്തവണത്തെ ലക്ഷ്യം. ഇവിടെയുമുണ്ട് ഒരു ഒമ്പതാം വളവ്. ആളിയാർ ഡാമിന്റെയും പൊള്ളാച്ചിയുടെയും വിരാട് രൂപം ഇവിടെ നിന്നും ദർശിക്കുവാനാകും. മലയാള സിനിമയിലെ പല ഗാനചിത്രീകരണവും ആളിയാർ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ നടക്കാറുണ്ട്.

ഹരം പകരുന്ന ഡ്രൈവിംഗ് അനുഭവമാണ് സമ്മാനിക്കുന്നതെങ്കിലും ശ്രദ്ധയോടെ വാഹനമോടിക്കേണ്ട ഇടങ്ങളാണ്. നേരത്തെ പറഞ്ഞ ഒൻപതാം വളവിൽ, ലോംസ് വ്യൂ പോയിന്റിൽ വരയാടുകളെ കാണാം. ആളിയാർ ഡാമിന്റെ പരിസരത്തു നിന്നുമാണ് പറമ്പിക്കുളം വന്യജീവി സാങ്കേതത്തിലേക്കുള്ള വഴി. പണ്ട് പറമ്പിക്കുളത്തു നിന്നും ചലക്കുടിയിലേക്ക് ട്രാംവേ ഉണ്ടായിരുന്നു. അതിന്റെ ശേഷിപ്പുകൾ തേടി ട്രെക്കിങ്ങ് പോകുന്നവരുണ്ടു. ഭൂരിഭാഗവും മണ്ണിനടിയിലാണ്. രാവിലെയാണ് പുറപ്പെടുന്നതെങ്കിൽ സന്ധ്യയോടെ പൊള്ളാച്ചി എത്തും. പൊള്ളാച്ചി ചന്ത പേരുകേട്ടതാണ്. തിരക്കേറിയ നിരത്തുകൾ. പാലക്കാട് , തൃശൂർ വഴി തിരികെ….

ഈ യാത്ര ബാക്കി വെക്കുന്നത് വീണ്ടും വരുവാനുള്ള ആവേശമാണ്. കാണാത്ത കാഴ്ചകൾ കാണുവാൻ, കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുവാൻ. അവർണനീയങ്ങളായ മായാജാലങ്ങൾ കൊണ്ട്, മനസ്സിന്റെയുള്ളിൽ വികാരവിസ്ഫോടനങ്ങൾ തീർക്കുന്ന ശക്തിയാണ് പ്രകൃതി. അതിനോട് കീഴ്പ്പെടുവാനും അതിലേക്കു ലയിച്ചു ചേരുവാനും അതിനെ പ്രണയിക്കുന്ന ഓരോ മനസ്സിനും കഴിയും. മനസ്സിനെ അതിന്റെ തീവ്രമായ ഭാവങ്ങളിലേക്ക് ഉയർത്തുന്ന നിമിഷങ്ങളാണ് യാത്ര ചെയ്യുന്ന നേരങ്ങൾ. നൈമിഷികമായ വികാരങ്ങളുടെ പിറകെ പോകുന്നവർക്കും, ലഹരിയുടെ പിറകെ പോകുന്നവർക്കും, ഇതെല്ലാം ഒരു നഷ്ടമായിരിക്കും.

പ്രകൃതിയെ അറിയുകയും അനുഭവിക്കുകയും വേണം. ജീവിതം തന്നെ ഒരു യാത്രയാണല്ലോ……

ആർ.ജയകൃഷ്ണൻ

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ

132 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close