ജയ്പൂര്‍: ഐ.പി.എല്ലില്‍ ഇന്ന് വീണ്ടും കിംഗ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. ജയ്പൂരില്‍ രാത്രി എട്ടിനാണ് മത്സരം. ഞായറാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അനായാസം തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. രാജസ്ഥാന് ടൂര്‍ണമെന്റില്‍ നിലനില്‍ക്കാനുളള അവസാന അവസരമാണിത്.
നന്നായി തുടങ്ങിയെങ്കിലും ഒടുവില്‍ കളിച്ച ആറ് മത്സരങ്ങളില്‍ ഒന്നുമാത്രം ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ആകെ തകര്‍ന്ന മട്ടിലാണ്. സ്ഥിരതയില്ലാത്ത ബാറ്റിംഗും മൂര്‍ച്ചയില്ലാത്ത ബൗളിംഗും വിടാതെ പിന്തുടരുന്നു. തുടരെ പരാജയപ്പെടുന്ന ഓപ്പണിംഗ് കൂട്ടുകെട്ടും, വീഴ്ചകളില്‍ നിന്നും പഠിക്കാതെ വിക്കറ്റ് വലിച്ചെറിയുന്ന മധ്യനിരയും എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കുന്ന സഞ്ജുവിനെ കൃത്യമായ പദ്ധതിയിലൂടെ അധികം പ്രയാസം കൂടാതെ പുറത്താക്കാനും എതിരാളികള്‍ക്ക് സാധിക്കുന്നുണ്ട്. പ്രതീക്ഷയര്‍പ്പിച്ച ബെന്‍സ്‌റ്റോക്‌സ് ഫോമിലേക്ക് ഉയരാത്തതും വലിയ പ്രതിസന്ധിയാണ് ടീമിന് ഉണ്ടാക്കിയിട്ടുള്ളത്.
മറുവശത്ത്, രാജസ്ഥാന്റെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയ കിംഗ്‌സ് ഇലവന്‍ ആത്മവിശ്വാസത്തിലാണ്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ തുറുപ്പ് ചീട്ട്. രാഹുലിനെ കൂടാതെ ക്രിസ് ഗെയിലും മായങ്ക് അഗര്‍വാളും കരുണ്‍ നായരും ഉള്‍പ്പെട്ട ബാറ്റിംഗ് നിരയില്‍ ഏതെങ്കിലും ഒരു താരം മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിക്കുമെന്നത് പഞ്ചാബിന് കരുത്താണ്.
ബൗളിംഗ് നിരയുടെ മോശമല്ലാത്ത പ്രകടനം കൂടിയാവുമ്പോള്‍ ആര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന നിരയായി കിംഗ്‌സ് ഇലവന്‍ മാറുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം കിംഗ്‌സ് ഇലവന് തന്നെ.















