ജയ്പൂര്‍: ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ 15 റണ്‍സ് ജയത്തോടെ രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഏഴ് വിക്കറ്റിന് 143 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. രാജസ്ഥാനു വേണ്ടി 58 പന്തില്‍ 82 റണ്‍സ് എടുത്ത ജോസ് ബട്ലറാണ് കളിയിലെ താരം.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബ് ബാറ്റിംഗ് നിരയില്‍ രണ്ടക്കം കണ്ടത് രാഹുലിന് പുറമെ 11 റണ്‍സ് എടുത്ത സ്റ്റോണിസ് മാത്രം. ക്രിസ് ഗെയ്ലും, കരുണ്‍ നായരുമടക്കം ആറു ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായി. 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത കൃഷ്ണപ്പ ഗൗതമാണ് പഞ്ചാബിന്റെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ബെന്‍ സ്റ്റോക്സും ഇഷ്സോധിയും മികച്ച പിന്തുണ നല്കി. 70 പന്തില്‍ 95 റണ്‍സുമായി രാഹുല്‍ അവസാന പന്തുവരെ പൊരുതിയിട്ടും പഞ്ചാബിന് ജയത്തിലെത്താനായില്ല.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ മികച്ച സ്കോറില്‍ എത്തിച്ചത് 82 റണ്‍സ് എടുത്ത ജോസ് ബട്ലറുടെ മികച്ച പ്രകടനമാണ്. സഞ്ജു വി സാംസണ് 22ഉം ബെന്‍ സ്റ്റോക്സ് 14ഉം റണ്‍സ് എടുത്തു.















