തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത ദുരന്തത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. റവന്യൂ-ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം സമിതിയുടെ കണ്‍വീനറാകും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ. സി.പി. രാജേന്ദ്രന്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി. പുകഴേന്തി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ആവശ്യമായാല്‍ കൂടുതല്‍ വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്താനുള്ള അധികാരവും കണ്‍വീനര്‍ക്ക് നല്‍കിയിട്ടുണ്ട്. ദുരന്തത്തിന് വഴിവെച്ച സാഹചര്യങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ വീഴ്ചകള്‍, കരാറുകാരുടെ ഉത്തരവാദിത്തം, കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോയെന്നത് തുടങ്ങി വിവിധ വിഷയങ്ങളാണ് സമിതി പരിശോധിക്കുക. കൂടാതെ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുവദിച്ച വനാനുമതിയും വിശദമായി വിലയിരുത്തും.
അന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണറും സ്‌പെഷ്യല്‍ സെക്രട്ടറിയുമായ കെ. ജീവന്‍ബാബു പുറത്തിറക്കിയ ഉത്തരവിലൂടെയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. കള്ളാടി തുരങ്കപാത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ സമാന അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളും ശുപാര്‍ശകളും സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.















