Special

വിധാൻ സൗധത്തിലേക്ക് ആര് ?

സവ്യസാചി & ടീം

പരസ്യ പ്രചരണത്തിന് പരിസമാപ്തിയായി. ബിജെപിയും, കോൺഗ്രസും ജെഡിഎസും ആഞ്ഞു പിടിച്ച് പ്രചാരണം നടത്തിയ ഈ തിരഞ്ഞെടുപ്പിലെ വിജയിയെ മെയ് 15 ന് അറിയാം.
പുറത്തു വന്ന അഭിപ്രായ സർവെകളിൽ സി ഫോർ ഒഴിച്ച് ആരും ഒരു പാർട്ടിക്കും ഭൂരിപക്ഷം കൽപ്പിക്കുന്നില്ല.

അവർ മാത്രം കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്നു. ജൻതാ കി ബാത് റിപ്പബ്ലിക് ചാനലുമായി ചേർന്ന് നടത്തിയ സർവ്വെയിൽ ബിജെപിക്ക് 107 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്, സുവർണ്ണ ടിവി 102 സീറ്റുകളും. മറ്റു സർവ്വെകളെല്ലാം കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്.

2 മാസത്തിലധികമായി ഞങ്ങളുടെ ടീം കർണ്ണാടകയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ഗ്രാമ-നഗര ഭേദമന്യെ സ്വരൂപിച്ച വോട്ടർമാരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാനായ ചില കാര്യങ്ങൾ താഴെ ചേർക്കുന്നു –

1) മോദിക്ക് കർണാടകയിലുള്ള ജനസമ്മതി എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ 21 റാലികളും വൻ വിജയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ റാലികൾ പ്രവർത്തകരിലുണ്ടാക്കിയ ആവേശവും എതിരാളികളിലുണ്ടാക്കിയ ഭീതിയും കാണുവാനായി .

2) മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ ഏറ്റവും പ്രശസ്തൻ സിദ്ധരാമയ്യതന്നെയാണ്. യഥാർത്ഥത്തിൽ കോൺഗ്രസ് എന്നാൽ കർണ്ണാടകത്തിൽ ഇദ്ദേഹം തന്നെയാണ് .

3) ജെഡിഎസ് കറുത്ത കുതിരകളാകുമെന്ന് കരുതുന്നവർ ഏറെയാണ്. ഭരിക്കാൻ ബിജെപിക്കോ കോൺഗ്രസിനോ അവരുടെ സഹായം തേടേണ്ടി വരുമെന്ന് പലരും കരുതുന്നു. ഓൾഡ് മൈസൂർ മേഖലയിൽ യഥാർത്ഥത്തിൽ കോൺഗ്രസും ജെഡിഎസും തമ്മിലാണ് മിക്ക മണ്ഡലങ്ങളിലും മത്സരം. കുമാരസ്വാമിക്കിത് ജീവന്മരണ പോരാട്ടമാണ്. ബിഎസ്പി യുമായും, ഒവൈസിയുടെ പാർട്ടിയുമായും സഖ്യമുള്ള ജെഡിഎസ് എത്ര സീറ്റുകൾ കൂടുതൽ നേടാനാകുന്നോ അത്രയും നിർണ്ണായക ശക്തികളായിമാറും.

ബദാമിയിൽ മുൻപിലും, ചാമുണ്ഡേശ്വരിയിൽ അൽപ്പം പിന്നിലുമാണ് സിദ്ധരാമയ്യ. അദ്ദേഹത്തെ തോൽപ്പിച്ചേ അടങ്ങൂ എന്ന രീതിയിലാണ് ജെഡിഎസ് ചാമുണ്ഡേശ്വരിയിൽ പ്രചാരണം നടത്തുന്നത്, ബിജെപിയുടെ ‘രഹസ്യ’ പിന്തുണ അവരുടെ സ്ഥാനാർത്ഥിക്കുണ്ട്.

5) ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പിന്നിൽ പോയ ബിജെപി മോദിയുടെയും, അമിത് ഷായുടെയും, സംഘ പ്രസ്ഥാനങ്ങളുടെയും ചിറകിലേറി മൂന്നാം ഘട്ടത്തിൽ തിരിച്ചു വരികയും അവസാന ഘട്ടത്തിൽ മുന്നിൽ കയറുകയും ചെയ്യുന്ന കാഴ്ചയാണ് കാണാനായത്.
6) സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളും, റിബൽ സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യവും മൂന്നു പക്ഷത്തുമുണ്ട്. എങ്കിലും ഇതിനെയെല്ലാം മറികടക്കും വിധമുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് മൂന്നു കക്ഷികളും നടത്തിയത്

7) ലിംഗായത്ത് മതാഹ്വാനം, മോദി – രാഹുൽ വാക് പോര്, രമ്യ- മല്ല്യ ബന്ധം, വോട്ടിന് പണം വിവാദം, തിരഞ്ഞെടുപ്പിൽ പാകിസ്ഥാന്റെ പങ്ക്, മുസ്ലിം തീവ്ര ഗ്രൂപ്പുകളുമായുള്ള കോൺഗ്രസ് ബാന്ധവം, ഒവൈസി-ജെഡിഎസ് കൂട്ടുകെട്ട്, വോട്ടർമാർക്കുള്ള സമ്മാന വിതരണം, മണിശങ്കർ അയ്യരുടെ പ്രസ്താവനകൾ, ബെൽഗാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ റാലിയിൽ കേട്ട പാക് അനുകൂല മുദ്രാവാക്യം, എൻഫോഴ്സ്മെന്റ് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ, ഏറ്റവുമവസാനം റെയ്ഡ് നടത്തി പിടിച്ച 10,000 ത്തോളം ഐഡി കാർഡുകൾ എന്നിങ്ങനെ അനവധി നിരവധി സംഭവങ്ങളിലൂടെയാണ് ഈ തിരഞ്ഞെടുപ്പ് മുന്നോട്ട് നീങ്ങിയത് .

വോട്ടർമാരുടെ യഥാർത്ഥ പ്രശ്നങ്ങളായ കാർഷിക തളർച്ച, ജലദൗർലഭ്യം, അവികസനം എന്നീ മേഖലകൾ ചുരുക്കം നേതാക്കളേ പരാമർശിച്ചുള്ളൂ .

9) വടക്കൻ കർണ്ണാടകയിലെ 81 മണ്ഡലങ്ങളിൽ 49 എണ്ണത്തിൽ ബിജെപി ക്ക് മുൻതൂക്കമുണ്ട്, 4 ഇടത്ത് ഒപ്പത്തിനൊപ്പമാണ്. 25 ഇടത്ത് കോൺഗ്രസും 3 ഇടത്ത് ജെഡിഎസും മുന്നിൽ നിൽക്കുന്നു.

10) മധ്യ-തീരദേശ കർണ്ണാടയിലെ 54 സീറ്റുകളിൽ 32 ഇടത്ത് ബിജെപിയും, 20 ഇടത്ത് കോൺഗ്രസും മുന്നിൽ നിൽക്കുന്നു. 2 ഇടത്ത് ഒപ്പത്തിനൊപ്പവും നിൽക്കുന്നു.

11) ഓൾഡ് മൈസൂർ-കോളാർ-ബാംഗ്ലൂർ മേഖലയടങ്ങുന്ന തെക്കൻ കർണ്ണാടകയിലെ 89 സീറ്റുകളിൽ 29 ഇടത്ത് കോൺഗ്രസും, 27 ഇടത്ത് ജെഡിഎസും 23 ഇടത്ത് ബിജെപിയും 4 ഇടത്ത് മറ്റുള്ളവരും മുന്നിൽ നിൽക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. 6 ഇടത്ത് ഫലം പ്രവചനാതീതമായിരിക്കും

12) ഇതിലെല്ലാമുപരി മെച്ചപ്പെട്ട കാലാവസ്ഥയാണെങ്കിലേ വോട്ടർമാർ നല്ല തോതിൽ വോട്ടു ചെയ്യാൻ വരൂ. 11 നും, 12 നും ഇടിവെട്ടിയുള്ള മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുള്ള സ്ഥിതിക്ക് മികച്ച പോളിങ്ങ് ലഭിക്കുകയെന്നത് ഒരു വെല്ലുവിളിയാണ്. ഇരുപക്ഷവും, ജെഡിഎസും ആ വെല്ലുവിളി ഏറ്റെടുക്കാൻ സുസജ്ജരായിക്കഴിഞ്ഞു.

വാൽകഷ്ണം: മഴ ദൈവങ്ങളേ, നിങ്ങൾ മെയ് 12 ന് കർണ്ണാടകയെ ഒഴിവാക്കുവാനപേക്ഷ

699 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close