ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനുള്ള മത്സരം കടുത്തതോടെ ഇരു ടീമിനും ജയം അത്യാവശ്യമാണ്. ഇന്‍ഡോറില്‍ വൈകിട്ട് നാലിനാണ് മത്സരം.
10 മത്സരങ്ങളില്‍ ആറെണ്ണം ജയിച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിനും 11 എണ്ണത്തില്‍ അഞ്ചെണ്ണം ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും മുന്നോട്ടു പോകണമെങ്കില്‍ തുടര്‍ന്നുള്ള കളികളില്‍ ജയിച്ചേ മതിയാകു. എന്നാല്‍ തുല്യശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രവചനം അസാധ്യം. കിംഗ്‌സ് ഇലവന്റെ ബാറ്റിംഗ് പ്രതീക്ഷ അധികവും ലോകേഷ് രാഹുലിലാണ്. ക്രിസ് ഗെയില്‍, കരുണ്‍ നായര്‍, മനോജ് തിവാരി എന്നിവരില്‍ ആര്‍ക്കെങ്കിലും കൂടി ഫോമിലേക്ക് ഉയരാനായാല്‍ മികച്ച സ്‌കോര്‍ അനായാസം കണ്ടെത്താം. അതേസമയം, രാഹുലിനെ വേഗത്തില്‍ നഷ്ടമായാല്‍ അത് ടീമിനെ ദോഷകരമായി ബാധിക്കുമെന്നത് മറുവശം. അതു തന്നെയായിരിക്കും കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ ലക്ഷ്യമിടുന്നതും.
സുനില്‍ നരീന്‍, പീയൂഷ് ചൗള എന്നിവര്‍ക്കൊപ്പം പേസര്‍മാര്‍ കൂടി മികവേക്കുയര്‍ന്നാല്‍ കൊല്‍ക്കത്തയ്‌ക്ക് മത്സരത്തില്‍ പിടിമുറുക്കാം. സുനില്‍ നരീന്‍, ക്രിസ് ലിന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവ് ടീമിന് അതി പ്രധാനമാണ്. ദിനേഷ് കാര്‍ത്തിക്ക് മികച്ച ഫോമിലാണെങ്കിലും റോബിന്‍ ഉത്തപ്പയും നിതീഷ് റാണയും മികവിലേക്ക് ഉയരേണ്ടിയിരിക്കുന്നു. മികച്ച ഓള്‍റൗണ്ട് നിരയായി ഉയര്‍ന്നെങ്കിലും തുടര്‍ച്ചയായി നേരിട്ട രണ്ട് പരാജയങ്ങള്‍ കൊല്‍ക്കത്തയെ സമ്മര്‍ദ്ദത്തിലാക്കുന്നു. തുല്യശക്തികളായതിനാല്‍ ക്യാപ്റ്റന്‍മാരുടെ തന്ത്രങ്ങളായിരിക്കും ഇന്ന് വിധിയെഴുത്ത് നടത്തുക.















