മുംബൈ: പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേര്‍ക്കുനേര്‍. ഇരു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ മത്സരം മുംബൈയില്‍ രാത്രി എട്ടിന് തുടങ്ങും.
ഇരു ടീമുകളും ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ച് 10 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ മികവിലേക്ക് ഉയര്‍ന്ന മുംബൈ് ഒടുവില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാണ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്. മക്‌ളിനാഗന്‍, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്‍ഡ്യ എന്നിവരുടെ മികച്ച ബൗളിംഗിനൊപ്പം
ബാറ്റിംഗില്‍ എവില്‍ ലെവിസും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും തിളങ്ങിയതാണ് ടീമിന്റെ തലവര മാറ്റിയത്.
മികച്ച തുടക്കം നേടിയശേഷമാണ് രാജസ്ഥാന്‍ റോയല്‍സിനെ തുടരെയുള്ള പരാജയങ്ങള്‍ അലട്ടിയത്. തുടരെയുള്ള മൂന്ന് തോല്‍വികള്‍ക്കുശേഷമാണ് ഒടുവില്‍ കളിച്ച രണ്ട് മത്സരങ്ങള്‍ ജയിച്ച് അവര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്. ബാറ്റിംഗില്‍ ജോസ് ബട്‌ലറുടെ ഒറ്റയാന്‍ പോരാട്ടവും ബൗളര്‍മാരുടെ ഭേദപ്പെട്ട പ്രകടനവുമാണ് ടീമിന് മടങ്ങിവരവ് സാധ്യമാക്കിയത്. ജെഫ്രി ആര്‍ച്ചറുടെ വരവ് ബൗളിംഗ് ഡിപ്പാര്‍ട്‌മെന്റിന് കരുത്ത് പകര്‍ന്നു. കൃഷ്ണപ്പ ഗൗതം, ഇസ് സോധി, ഉനദ്ഘട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ പ്രകടനം ശ്രദ്ധേയം. ജോസ് ബട്‌ലറാകട്ടെ, തുടര്‍ച്ചയായി നാല് അര്‍ദ്ധസെഞ്ച്വറികള്‍ നേടി മികച്ച ഫോമിലാണ്. ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ സഞ്ജു വി സാംസണോ മറ്റും സാധിച്ചാല്‍ ടീമിന് തുണയാകും.















