ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹത്തെ ഓര്‍ക്കാന്‍ പ്രത്യേകമായി ഒരു ദിവസത്തിന്റെ ആവശ്യമില്ലെങ്കിലും വര്‍ഷങ്ങളായി നമ്മള് മാതൃദിനം ആചരിക്കാറുണ്ട്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.
ഇന്ന് മാത്രമല്ല വര്‍ഷത്തിലെ എല്ലാ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത പേരാണ് നമ്മുടെ അമ്മയുടേത്. സ്നേഹത്തെയും ത്യാഗത്തെയും പൂര്‍ണമായും പ്രതിനിധാനം ചെയ്യുന്ന ഒരു വാക്ക് അതാണ് അമ്മ. കുട്ടിക്കാലത്ത് നമ്മുടെ വാശികളും, വഴക്കുകളും എല്ലാം ഒരു പുഞ്ചിരിയോടെ അംഗീകരിച്ച്, നമ്മുടെ കാര്യങ്ങള്‍ക്കായി മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച് ഊണും, ഉറക്കവും വരെ പലപ്പോഴും ഉപേക്ഷിച്ച് നമ്മുടെ വളര്‍ച്ചയുടെ ഓരോ നിമിഷത്തിലും നമുക്ക് താങ്ങും തണലുമായി നിന്നവരാണ് നമ്മുടെ അമ്മമാര്‍. പകരം വക്കാനില്ലാത്ത ആത്മബന്ധമാണ് ഒരു അമ്മക്ക് കുഞ്ഞിനോടുള്ളത്. നിസ്വാര്‍ത്ഥമായി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാന്‍ ഒരു അമ്മക്കു മാത്രമേ കഴിയുകയുള്ളു.
ഏതു കാലത്തും അവരെ ചേര്‍ത്തു നിര്‍ത്താന്‍ മക്കള്‍ക്കാകണം. മാതാപിതാക്കള്‍ ഭാരമാണെന്നു ചിന്തിക്കുന്ന ഒരു തലമുറ വളര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ദിനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. വൃദ്ധ സദനങ്ങളും അഗതി മന്ദിരങ്ങളുമല്ല, അവരുടെ അവസാന കാലത്ത് അവര്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സാമിപ്യം മാത്രമാണ്. അതെ ഒന്നിലും പരിഭവപ്പെടാതെ നമ്മളെ നമ്മളായി വളര്‍ത്തി വലുതാക്കിയ ആ ശക്തിക്ക് അവസാന കാലം ഒപ്പമുണ്ടാകേണ്ടത് മക്കള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇന്നു മാത്രമല്ല എന്നും അമ്മമാരുടെ ഓര്‍മകളും ചിന്തകളും നമ്മളിലുണ്ടാകണം. അതിനൊരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ് ഈ ദിനം.