Special

അണഞ്ഞത് ശബരിമലയിലെ അരനൂറ്റാണ്ടിന്റെ താന്ത്രിക പുണ്യം

ചെങ്ങനൂർ ; ശബരിമല വലിയ തന്ത്രി കണ്oര് മഹേശ്വരരുടെ വേർപാടോടെ അസ്തമിച്ചത് പതിറ്റാണ്ടുകൾ നീണ്ട താന്ത്രിക പുണ്യം .കോടിക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്കായിരുന്നു മഹേശ്വരരുടേത് .

ആന്ധ്ര പ്രദേശിൽ നിന്നും എത്തിയവരാണ് മഹേശ്വരരുടെ പൂർവികർ .പരശുരാമൻ ഇവരെ കേരളത്തിലെത്തിച്ചെന്നാണ് ഐതിഹ്യം .

1928 ജൂലായ് 28-ന് ജനിച്ച മഹേശ്വരര് പിതാവിൽ നിന്നും മന്ത്രാക്ഷരങ്ങൾ സ്വായത്തമാക്കി .അഛന്റെ മരണശേഷം ഗുരുക്കൻമാരെ വീട്ടിൽ വരുത്തി സംസ്കൃതവും വേദങ്ങളും പുരാണങ്ങളും പഠിച്ചു .താഴമൺ കുടുംബത്തിലെ പതിവനുസരിച്ച് പന്ത്രണ്ടാം വയസ്സിൽ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ആദ്യ പൂജ നടത്തി.

പതിനേഴാം വയസ്സിൽ താഴമൺ മoത്തിൽ നിന്നുള്ള സഹതന്ത്രിയായി അദ്ദേഹം ശബരിമല സന്നിധാനത്തെത്തി . ചെങ്ങന്നൂരിൽ നിന്നും കാൽനടയായിട്ടായിരുന്നു അക്കാലത്തെ യാത്ര .

വണ്ടിപ്പെരിയാറിൽ എത്തി കാനന പാത വഴിയായിരുന്നു മല കയറ്റം .മണർകാട് നിന്നുള്ള അയ്യപ്പ സംഘമായിരുന്നു അക്കാലത്ത് ഒപ്പമുണ്ടായിരുന്നത് .അന്ന് ശബരിമലയിൽ ഇന്നത്തേതുപോലെ വലിയ കെട്ടിടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .കാട്ടിൽ ഷെഡ് കെട്ടിയായിരുന്നു താമസിച്ചിരുന്നതെന്ന് മഹേശ്വരര് ഒരിക്കൽ പറഞ്ഞിട്ടുണ്ട് .

1951-ൽ ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിച്ചതിനെത്തുടർന്ന് പുനപ്രതിഷ്ഠ നടത്തിയപ്പോൾ മഹേശ്വരര് സഹകാർമ്മികത്വം നൽകി .മലയാള വർഷം 1126 ഇടവമാസം നാലാം തീയതി അത്തം നക്ഷത്രത്തിൽ ആയിരുന്നു പ്രതിഷ്ഠ നടത്തിയത് .കണ്oര് ശങ്കരര് തന്ത്രികൾക്കൊപ്പമാണ് മഹേശ്വരര് അന്ന് സഹകാർമികത്വം വഹിച്ചത് .

വർഷങ്ങൾക്ക് ശേഷം അദ്ദേഹം ശബരിമല താന്ത്രിക സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു .മഹേശ്വരര് തന്ത്രിയായിരുന്ന കാലത്താണ് ശബരിമല മാളികപ്പുറത്തെ മധുര മീനാക്ഷി ക്ഷേത്രം പ്രതിഷ്ഠിച്ചത് .വാർദ്ധക്യത്തിലും ശബരിമലയിലെത്തി താന്ത്രിക കർമങ്ങൾ അനുഷ്ഠിച്ചിരുന്നു

പ്രായത്തിന്റെ അവശത കൂടിയപ്പോൾ തന്റെ പ്രതിനിധിയായി മകൻ മോഹനരെ ശബരിമലയിലെ താന്ത്രിക ചുമതല ഏൽപ്പിച്ചു .എന്നാൽ മോഹനർ ഒരു കേസിൽ ആരോപിതനായതിനെത്തുടർന്ന് ചെറുമകൻ കണ്ഠര് മഹേഷ് മോഹനരെ താന്ത്രിക ചുമതല ഏൽപ്പിച്ചു .

നിലവിൽ മഹേഷാണ് ശബരിമല തന്ത്രി എങ്കിലും ശബരിമലയിലെ പ്രധാനപ്പെട്ട ചടങ്ങുകൾക്ക് കാർമികത്വം നൽകാൻ ഇദേഹം കുറെക്കാലം മുൻപ് വരെ എത്തിയിരുന്നു .

ശബരിമലയിൽ അയ്യപ്പ ഭഗവാന് അര നൂറ്റാണ്ട് കാലം താന്ത്രിക പൂജ നടത്തിയതിന്റെ പുണ്യത്തോടെയാണ് ശബരിമല വലിയ തന്ത്രി വിടവാങ്ങിയത് .

നാട്ടിലും വിദേശത്തുമായി അഞ്ഞൂറോളം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തി ,എഴുനൂറോഉം ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശിയുമായിരുന്നു മഹേശ്വരര് .താഴമൺ കുടുംബത്തിലെ ധാരണയനുസരിച്ച് നിലവിലുള്ള മൂന്ന് ശാഖകൾ മാറി മാറി ഓരോ വർഷവും ശബരിമലയുടെ താന്ത്രിക ചുമതല നിർവഹിക്കുന്ന രീതിയാണ് .

ഇതനുസരിച്ചാണ് മഹേശ്വരരുടെ പ്രതിനിധിയായി ചെറുമകൻ മഹേഷ് നിലവിൽ തന്ത്രി പദവി വഹിക്കുന്നത് .ചിങ്ങം ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് തന്ത്രി ച്ചുമതല നൽകുന്നത് . മഹേശ്വരരുടെ സഹോദര പുത്രനായ രാജീവരാണ് മറ്റൊരു തന്ത്രി .

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close