Special

നിപ; മോഹനന്‍ വൈദ്യര്‍; പിന്നെ വവ്വാല്‍ കടിച്ച പഴവും

കേരളം വീണ്ടും പനിപ്പേടിയിലായി. നിപ്പ എന്ന വൈറല്‍ പനിയാണ് പുതിയ ഭീകരന്‍. അത്യന്തം മാരകമായ ഒരു പനിയാണത്. 70 ശതമാനത്തില്‍ കൂടുതലാണ് മരണനിരക്ക്. രോഗികളുമായി അടുത്തിടപഴകുന്നവരിലേക്കാണ് രോഗം പകരുന്നത്.

ഈ വൈറസ് സ്വാഭാവികമായി പഴം തീനി വവ്വാലുകളില്‍ കാണപ്പെടുന്നുണ്ട്. അവക്ക് ഈ വൈറസ് രോഗകാരിയല്ല. എങ്കിലും സാധാരണഗതിയില്‍ മനുഷ്യന് രോഗകാരി ആകാവുന്ന അളവിലോ ശക്തിയിലോ ഈ രോഗാണു വവ്വാലുകളില്‍ ഉണ്ടാകാറില്ല. ഇപ്പോള്‍ എന്തോ ജനിതകമാറ്റം സംഭവിച്ചത് കൊണ്ടാകാം, എണ്ണത്തിലോ, മനുഷ്യനില്‍ രോഗം ഉണ്ടാക്കാനുള്ള ശക്തിയിലോ കാര്യമായ വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. ഈ വര്‍ധനക്ക് ആഗോളതാപനം പോലുള്ള അടിസ്ഥാന കാരണങ്ങള്‍ വേറെയും ഉണ്ടാകാം.

ഇക്കാരണങ്ങളാല്‍ തന്നെ, വവ്വാലുകളുടെ ശരീര ദ്രവങ്ങളുമായി നേരിട്ട് ബന്ധം വരാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വവ്വാല്‍ കടിച്ചു ബാക്കിയായ പഴങ്ങളും വാഴകുടപ്പനും ഒക്കെ ഒഴിവാക്കുക എന്നതാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടല്ലോ.

മോഹനന്‍ വൈദ്യര്‍ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതാണ് എന്ന അവകാശവാദത്തോടെ വവ്വാല്‍ കടിച്ചു ബാക്കിയായ പഴങ്ങള്‍ കഴിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ പഴങ്ങള്‍ പേരാമ്പ്രയില്‍ നിന്നാണ് എന്നതിനും അദ്ദേഹത്തിന് നേര്‍ബുദ്ധി മാനസികാരോഗ്യം എന്നിവ ഉണ്ട് എന്നതിനും പ്രത്യേകിച്ച് തെളിവൊന്നും ഇല്ല. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ ഉത്തരവാദിത്വം ആണ്. നിങ്ങള്‍ നിപ്പ വന്നു മരിച്ചു പോയാല്‍ ഈ സ്വയംപ്രഖ്യാപിത വൈദ്യന് ഒരു ചുക്കുമില്ല. പക്ഷെ നിങ്ങളുടെ കുടുംബത്തിന് അത് താങ്ങാനായെന്നു വരില്ല. വവ്വാല്‍ കടിച്ച പഴങ്ങള്‍ ഉപേക്ഷിച്ചാല്‍ നിങ്ങള്ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, പക്ഷെ നേടാനുള്ളത് ഒരു ജീവിതം ആയേക്കാം.

ഇനി മറ്റൊന്നുള്ളത് ഈ വിഷയത്തില്‍ അനാവശ്യമായ ഭീതി സമൂഹത്തില്‍ പടര്‍ത്താന്‍ ശ്രമിക്കരുത് എന്നുള്ളതാണ്. ഫ്‌ളൂ പോലെയോ വസൂരി പോലെയോ ഒരാഴ്ച കൊണ്ട് ആസേതുഹിമാചലം പടരുന്ന ഒരു പനി അല്ല ഇത്. ഇതിന്റെ വ്യാപനം വളരെ പതുക്കെയാണ്, കാരണം ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് അടുത്ത് ഇടപഴകിയാല്‍ മാത്രമാണ്. മാത്രമല്ല കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ സംയോജിച്ചു സ്തുത്യര്‍ഹമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ചുരുക്കത്തില്‍, മലബാര്‍ പ്രദേശത്തുള്ളവര്‍ പനി വന്നാല്‍ നിസ്സാരമായി തള്ളരുത്, ഡോക്ടറെ കാണിച്ചിരിക്കണം. അനാവശ്യമായ രോഗീ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. വവ്വാല്‍ കടിച്ചതിന്റെ ബാക്കി പഴം തിന്നാതിരിക്കുക. സമൂഹത്തില്‍ ഭീതി പടര്‍ത്താതിരിക്കുക. ഈ പനിയെ നേരിടാന്‍ അധികൃതരോട് കഴിയുന്നത്ര സഹകരിക്കുക. ഇതിലും വലിയ ആരോഗ്യ പ്രതിസന്ധികള്‍ കേരളം മറികടന്നിട്ടുണ്ട്. ഇതും നാം മറികടക്കുക തന്നെ ചെയ്യും.

സര്‍വ്വേ സന്തു നിരാമയാ:

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close