Special

നേരോടെ നാടിനൊപ്പം നാലു വർഷം

ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകത്തേയും ദേശീയതയേയും പിൻപറ്റുന്ന ദേശീയ ജനാധിപത്യ സഖ്യ സർക്കാർ നാലു വർഷം പൂർത്തിയാക്കുകയാണ്. സമഗ്ര വികസനത്തിന്‍റെ സമാധാനത്തിന്‍റെ നല്ല നാളുകൾ. ലോകരാഷ്ട്രങ്ങളുടെ മുന്നിൽ അഭിമാന പൂർവ്വം തലയുയർത്തി ഭാരതം.

ദരിദ്രർക്ക് പറയാനുള്ളത് കേൾക്കുന്നതും ദരിദ്രരെക്കുറിച്ച് ചിന്തിക്കുന്നതും ദരിദ്രർക്ക് വേണ്ടി നിലകൊള്ളുന്നതുമായ ഒന്നായിരിക്കണം ഒരു സർക്കാർ. അതിനാൽ ഈ സർക്കാർ ദരിദ്രരോടും കോടിക്കണക്കിന് യുവാക്കളോടും തങ്ങളുടെ ആത്മാഭിമാനത്തിനും അന്തസിനും വേണ്ടി യത്നിക്കുന്ന അമ്മമാരോടും പെങ്ങൻമാരോടും പ്രതിബദ്ധമാണ്. ഈ സർക്കാർ കർഷകർക്കും ഗ്രാമീണർക്കും ദളിതർക്കും, വനവാസികൾക്കും അടിച്ചമർത്തപ്പെട്ടവർക്കുമുള്ളതാണ്. അവരുടെ ആശയ അഭിലാഷങ്ങളെ സംരിക്ഷിക്കാനുള്ളതാണ്. ഈ ചുമതല വഹിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഭാരതത്തിന്‍റെ 15-ാം മത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു.

ഭാരതത്തിലെ 126 കോടി ജനസമൂഹത്തിന് പ്രതീക്ഷയുടെ പൊൻകിരണം നൽകിയ ആ വാക്കുകൾ യാഥാർത്ഥ്യമായി ക്കൊണ്ടിരിക്കുന്നു. സാധാരണക്കാരുടെ ജീവനും സ്വത്തിനും ഉറപ്പുനൽകുന്ന, അവരുടെ ഭാവി പ്രതീക്ഷകളെ നെഞ്ചേറ്റുന്ന സുസ്ഥിരതയുള്ള ഒരു കേന്ദ്ര സർക്കാർ. ഭൂമിയും വീടുമില്ലാത്ത നിർധനർക്ക് ജീവിത സൗകര്യമൊരുക്കിയും, സൗജന്യ പാചക വാതക കണക്ഷൻ നൽകിയും, ജൻധൻയോജന, മുദ്രാബാങ്ക്, സുകന്യ സമൃദ്ധി പദ്ധതി, ജൻ ഔഷധി, അടൽ പെൻഷൻ പദ്ധതി, സ്വഛ് ഭാരത് അഭിയാൻ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചും സാധാരണക്കാരുടെ ജീവിതത്തിന് താങ്ങും തണലുമാകാൻ രണ്ട് വർഷത്തെ ഭരണത്തിലൂടെ നരേന്ദ്രമോദി സർക്കാറിന് കഴിഞ്ഞു.

ഭൂരഹിതരരായ കർഷകരെ ലക്ഷ്യമിട്ടുള്ള ഭൂമി ഹീൻ കിസാൻ പദ്ധതി, വൻ കിട കാർഷിക മേഖലയ്ക്ക് വഴിയൊരുക്കാൻ ജലസേചനത്തിന് സംവിധാനമൊരുക്കുന്ന ഗ്രാം സിഞ്ചായി യോജനാ പദ്ധതി എന്നിങ്ങനെ കാർഷിക മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള ഒട്ടേറെ കർമ പദ്ധതികൾ യാഥാർത്ഥ്യമായി.

വിളനാശം അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രി ഫസൽ ബീമ യോജന പദ്ധതി, മുതിർന്ന പൗരന്മാർക്ക് പെൻഷൻ ഉറപ്പുവരുത്തുന്ന അടൽ പെൻഷൻ യോജന പദ്ധതി, രാജ്യത്തെ ദരിദ്രവിഭാഗങ്ങളെ കൈപിടിച്ച് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന, പെൺകുട്ടികളുടെ ജീവിത സുരക്ഷയ്ക്കായി സുകന്യ സമൃദ്ധി യോജന, ഇൻഷുറൻസ് പരിരക്ഷയ്ക്കായി ജീവൻ ജ്യോതി ഭീമ യോജന എന്നിങ്ങനെ ഒട്ടേറെ പദ്ധതികളിലൂടെ സാധാരണക്കാരുടെ ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പ് വരുത്താൻ കേന്ദ്രസർക്കാറിനായി.

പട്ടിക ജാതി – പട്ടിക വർഗക്കാരായ വനിതാ സംരഭകർക്കായി തുടക്കം കുറിച്ച സ്റ്റാർട്ട് അപ് ഇന്ത്യ – സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയും ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന മുദ്രാബാങ്കും നരേന്ദ്രമോദി സർക്കാർ തുടക്കമിട്ടു. ചെറുകിട ബിസിനസ് സംരഭങ്ങളെ സംരക്ഷിക്കുന്നതിലൂടെ ആഭ്യന്തര ഉത്പാദന മേഖലയെ ശക്തിപ്പെടുത്താനും കേന്ദ്ര സർക്കാറിനായി.

ചെറുകിട ബിസിനസ് സംരഭങ്ങളെ സംരക്ഷിക്കുന്നതിനായി തുടക്കമിട്ട പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ  കേരളത്തിൽ മാത്രം നാൽപ്പത് ലക്ഷത്തിലേറെ പേർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഈട് രഹിത വായ്പ ലഭ്യമാക്കി. രാജ്യത്ത് വൻ വിജയമായ പദ്ധതിയ്ക്ക് കേരളത്തിലെ യുവജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാനദണ്ഡങ്ങൾ പാലിച്ച നാൽപ്പത് ലക്ഷത്തോളം അപേക്ഷകരുടെ സംരം‌ഭങ്ങൾക്ക് മുപ്പതിനായിരം കോടി രൂപയോളം വായ്പ അനുവദിക്കപ്പെട്ടു. കേരളത്തിൽ പദ്ധതികൾ തകിടം മറിക്കാൻ ഇടത് ആഭിമുഖ്യ സംഘടനകൾ ഒട്ടേറെ ശ്രമം നടത്തിയിട്ടും യുവസംരം‌ഭകർ തേടിയെത്തിയത് പദ്ധതിയുടെ വിജയത്തിന് കാരണമായി.

രാജ്യത്ത് രണ്ട് കോടിയിലേറെ തൊഴിലവസരം സൃഷ്ടിക്കുവാൻ ഇക്കാലയളവിൽ കേന്ദ്രസർക്കാറിനായി എന്നതും ശ്രദ്ധേയം. നരേന്ദ്രമോദി സർക്കാറിന്‍റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയാണ് തൊഴിൽ മേഖലയിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. നിർമാണ മേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കഴിഞ്ഞു. ജപ്പാൻ, ചൈന, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വ്യവസായ സംരഭകർ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്താൻ മത്സരിക്കുന്നുവെന്നതാണ് നിലവിലെ യാഥാർത്ഥ്യം.

കേന്ദ്രസർക്കാർ പദ്ധതികളുടെ ആനുകൂല്യം സാധാരണക്കാരിൽ എത്തുന്നതിന് പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി വഴിയൊരുക്കി. രാജ്യത്തെ ദരിദ്ര വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഒട്ടനേകം പദ്ധതികളുടെ പ്രയോക്താവാകാൻ ഇനി സാധിക്കും. 31 കോടി പുതിയ ബാങ്ക് അക്കൗണ്ടുകളാണ് പദ്ധതിയ്ക്കായി ആരംഭിച്ചത്.ഗ്രാമീണ മേഖലയിലെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആദർശ ഗ്രാമ പദ്ധതിയും നടപ്പാക്കപ്പെട്ടു. പാർലമെന്‍റ് അംഗങ്ങളിലൂടെ മാതൃക ഗ്രാമം രൂപപ്പെടുത്തുന്ന പദ്ധിയ്ക്കാണ് സർക്കാർ തുടക്കമിട്ടത്. ഓരോ ഗ്രാമത്തിലേക്കും അടിസ്ഥാന സൗകര്യ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തിനായി പാർലമെന്‍റ് അംഗങ്ങളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമങ്ങളിലെ സമ്പൂർണ വൈദ്യൂതീകരണം എന്ന പ്രഖ്യാപിത ലക്ഷ്യം മോദി സർക്കാർ കഴിഞ്ഞ മാസം സാദ്ധ്യമാക്കി . സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും വൈദ്യുതി ലഭിക്കാത്ത രാജ്യത്തെ  ഗ്രാമങ്ങളിൽ 1000 ദിവസത്തിനുള്ളിൽ വൈദ്യുതി എത്തിക്കാനുള്ള നടപടിയാണ് പൂർത്തീകരിക്കപ്പെട്ടത്.ഇനി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന സ്വപ്നമാണ് . 2019 നു മുൻപ് അത് സാദ്ധ്യമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് സർക്കാർ.

സോളാർ പദ്ധതിയിലൂടെ ഊർജക്ഷാമം പരിഹരിക്കാനുള്ള നടപടികളും വിജയം കണ്ടു തുടങ്ങിയിട്ടുണ്ട്. സൗര നഗരം പദ്ധതിയ്ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.ഭാരതത്തെ ശുചിത്വപൂർണമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച സ്വച്ഛ് ഭാരത് അഭിയാന് വൻ ജനപിന്തുണയാണ് ലഭിച്ചത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ റോഡുകളും പൊതുസ്ഥലങ്ങളും ശുചിത്വ പൂർണവാക്കുവാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം പൊതുജനം ഏറ്റെടുത്ത് നടപ്പാക്കി. ശുചിത്വ ഭാരതത്തിനായി വിദ്യാർത്ഥികളും പൊതുജനങ്ങളും നിരത്തുകളിൽ ഒന്നിക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്.

ഭൂമിയും വീടുമില്ലാത്തവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഭവനം നിർമിച്ചു നൽകുന്ന പ്രധാനമന്ത്രി സമ്പൂർണ ഭവന പദ്ധതിയ്ക്ക് രാജ്യത്ത് പുരോഗമിക്കുകയാണ്. 2022 ഓടെ ലക്ഷ്യം പൂർത്തികരിക്കുവാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.

ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറച്ചും വിലനിയന്ത്രണ പട്ടിക പരിഷ്കരിച്ചും നിർധനരായ രോഗികൾക്ക് ചികിത്സാ രംഗം അനുകൂലമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യത്തെ മുഴുവൻ കുടുംബാംഗങ്ങൾക്കും വേണ്ടി ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് നടപ്പാക്കാൻ സർക്കാർ തയ്യാറായി. വൃക്കരോഗികൾക്ക് ആശ്വാസകേന്ദ്രമായി ദേശീയ ഡയാലിസിസ് പദ്ധതിയും നടപ്പാക്കിക്കഴിഞ്ഞു.സ്ത്രീ ശാക്തീകരണത്തിന് കേന്ദ്രസർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്. പെൺഭ്രൂണഹത്യ തടയുന്നതിനും വിദ്യാഭ്യാസമടക്കം പെൺകുട്ടികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുമായി ബേഠി ബചാവോ – ബേഠി പഠാവോ പദ്ധതിയ്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

പ്രതിരോധ മേഖലയ്ക്ക് കരുത്തേകുന്ന നിർണായക നിലപാടുകൾ സർക്കാർ സ്വീകരിച്ചു. അമേരിക്ക, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളുമായി രൂപികരിച്ച ആയുധ വ്യാപാര കരാറുകൾ പ്രതീക്ഷയേകുന്നു. കൂടാതെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ പ്രതിരോധ മേഖലയ്ക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കാനാകുന്നുവെന്നതും നേട്ടം തന്നെ. ഇതിന് പുറമെ കാലങ്ങളായി സൈനികർ ഉന്നയിക്കുന്ന വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കാനും കേന്ദ്രസർക്കാർ ആർജവം കാട്ടി എന്നതും ശ്രദ്ധേയമാണ്.

നാലു വർഷത്തെ ഭരണം ഗതാഗത മേഖലയിലും ഒട്ടേറെ പുരോഗതിയ്ക്ക് വഴിയൊരുക്കി. രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സാഗർ മാല പദ്ധതി, രാജ്യത്തെ നൂറുജില്ലകളെ ബന്ധിപ്പിക്കുന്ന അതിവേഗ പാത, ഭാരത് മാല പദ്ധതി, സാർക്ക് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ എന്നിവ ലക്ഷ്യത്തോട് അടക്കുന്നു.

ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നവും സാക്ഷാത്കരിക്കപ്പെടുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് ഇന്‍റർനെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി പൂർത്തിയായി വരുന്നു. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. കൂടാതെ സർക്കാർ ഇടപാടുകൾ ഡിജിറ്റൽ വത്കരിക്കുക എന്ന ലക്ഷ്യവും പദ്ധതിയ്ക്കുണ്ട്. 2019 ഓടെ നൂറു ശതമാനം റെയിൽവേ സ്റ്റേഷനുകളിലും സൈജന്യ വൈഫൈ സാദ്ധ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.

നരേന്ദ്രമോദി എന്ന ലോക നേതാവിന്റെ ഉദയമാണ് കഴിഞ്ഞ നാലു വർഷത്തെ ഭരണത്തിൽ എടുത്തു പറയേണ്ടതായിട്ടുള്ളത്. ഇന്ത്യയുടെ ശക്തമായ വിദേശകാര്യ നയം എതിരാളികളെ കുറച്ചൊന്നുമല്ല ദുഖിപ്പിക്കുന്നത്. അമേരിക്കയുൾപ്പെടെയുള്ള ലോക രാജ്യങ്ങളുമായി സഹകരണം സാദ്ധ്യമാക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ താത്പര്യത്തിനു വിരുദ്ധമായി ഒരു നിലപാടും അതിനി ഏത് വൻ ശക്തിയായാലും അംഗീകരിക്കില്ല എന്ന ശക്തമായ സന്ദേശം മുന്നോട്ടു വയ്ക്കാൻ മോദി സർക്കാരിനു സാധിച്ചു.

പ്രമുഖ രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ നല്ല ബന്ധം രൂപപ്പെടുത്താനും വ്യാപാര – വാണിജ്യ മേഖലയിൽ പരസ്പര സഹകരണം ഉറപ്പുവരുത്താനും നരേന്ദ്രമോദിയ്ക്കായി.ഭീകരർക്ക് ഒളിത്താവളം ഒരുക്കുകയും ഭീകരതയ്ക്കെതിരെ വാചാലരാകുകയും ചെയ്യുന്ന പാകിസ്ഥാന്‍റെ ഇരട്ടത്താപ്പ് ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ ഇന്ത്യ തുറന്നു കാട്ടി.ദക്ഷിണേഷ്യയിൽ ചൈനയും, പാകിസ്ഥാനും ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് ലോകം പ്രതീക്ഷയോടെ ഭാരതത്തെയാണ് ഉറ്റുനോക്കുന്നത്.

കശ്മീരിൽ ഭീകരർക്കെതിരെ ഉരുക്കു മുഷ്ടി നയം സ്വീകരിക്കാൻ സൈന്യത്തിന് സർക്കാർ നിർദ്ദേശം നൽകിയത് പാകിസ്ഥാനും മറ്റ് ഭീകര സംഘടനകൾക്കും വൻ തിരിച്ചടിയായി. നിരവധി കൊടും ഭീകരരെ വധിക്കാൻ സൈന്യത്തിനായി. കമ്യൂണിസ്റ്റ് ഭീകര സംഘടനകൾക്കും കഴിഞ്ഞ നാലു വർഷം വൻ തിരിച്ചടിയാണ് ഉണ്ടായത്. നോട്ട് അസാധുവാക്കൽ നട്ടെല്ലൊടിച്ചപ്പോൾ ഇടത് തീവ്രവാദ മേഖലകളിൽ വികസനത്തിനൊപ്പം തിരിച്ചടിയും സാദ്ധ്യമായതോടെ കമ്യൂണിസ്റ്റ് ഭീകര സംഘടനകൾ വലിയ തകർച്ചയാണ് നേരിടുന്നത്.

ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള ഇൻസോൾവൻസി ഭേദഗതി ബിൽ പാസാക്കിയത് ബാങ്കിംഗ് മേഖലയ്ക്ക് ഉണർവ് നൽകുന്നുണ്ട്. 2100 കമ്പനികൾ ഇതുവരെ 83,000 കോടി രൂപ തിരിച്ചടച്ചു കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ നാലു ലക്ഷം കോടിയെങ്കിലും ബാങ്കുകളിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിദേശയാത്രകളിൽ രാജ്യത്തിന്‍റെ സ്നേഹാദരങ്ങൾ പ്രവാസ ജനസമൂഹത്തിന് പകർന്ന് അവർക്കൊപ്പം വേദിപങ്കിടാനും പ്രധാനമന്ത്രി നേരം കണ്ടെത്തി. ദേശീയതയെ ഹൃദയത്തിലേറ്റുന്ന ഇന്ത്യൻ ജനസമൂഹത്തെ നരേന്ദ്രമോദിയുടെ ഓരോ സന്ദർശനവേളയിലും കാണാനായി.കലാപങ്ങളോ, രക്തച്ചൊരിച്ചിലുകളോ, രാഷ്ട്രീയ പ്രതിസന്ധികളോ ഇല്ലാതെ രാജ്യം സമാധാനത്തിലേക്ക് തിരികെയെത്തിയ നാലു വർഷങ്ങളാണ് ഭാരതം കണ്ടത്.

രാജ്യത്തിന്‍റെ അഖണ്ഡതയും ഭാവിയും നരേന്ദ്രമോദിസർക്കാരിൽ ഭദ്രമെന്ന് ഓരോ ഭാരതീയനും  ഉറച്ചുവിശ്വസിക്കുന്നു. അതു തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന അഭിപ്രായ സർവേകളും വ്യക്തമാക്കുന്നത്.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close