ഫിഫ ലോകഫുട്ബോളിന്റെ ചരിത്രത്തിൽ 64 വർഷമായിട്ടും തകർക്കാനാവാത്ത ഒരു റെക്കോഡുണ്ട്. 1954 ലെ സ്വിറ്റ്സർലൻഡ് ലോകകപ്പിൽ പിറന്ന ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ് മത്സരമെന്ന റെക്കോഡാണ് ഇതുവരെയും ആരും തകർക്കാത്തത്.
ഈ ലോകകപ്പിലെ ഓസ്ട്രിയ – സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് റെക്കോഡ് പിറന്നത്. അന്ന് ഗോൾവല ചലിച്ചത് 12 തവണയാണ്. ഓസ്ട്രിയ ഏഴ് തവണയും സ്വിറ്റ്സർലൻഡ് 5 തവണയും ഗോൾവല ചലിപ്പിച്ചു.
അന്ന് കളിയുടെ തുടക്കത്തിൽ തന്നെ ആതിഥേയരായ സ്വിറ്റ്സർലൻഡ് മൂന്ന് ഗോളുകളടിച്ച് മുന്നിലെത്തി. പതിനാറാം മിനിറ്റിൽ ബല്ലാമൻ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. പതിനേഴാം മിനിറ്റിലും പത്തൊൻപതാം മിനിറ്റിലും ഗോളുകളടിച്ച് ജോസഫ് ഹുജി ലീഡ് 3-0 ആയി ഉയർത്തി.
25, 26, 27 മിനിറ്റുകളിൽ ലഭിച്ച ഗോളുകൾ ഓസ്ട്രിയ മടക്കി. 32-ാം മിനിറ്റിൽ നായകൻ ഓക്വിർക്കിലൂടെ ഓസ്ട്രിയ ലീഡ് നേടി. സ്കോർ 4-3. 34-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ച് ഓസ്ട്രിയ ലീഡ് ഉയർത്തി. ആക്രമിച്ച് കളിച്ച സ്വിറ്റ്സർലൻഡിന് വേണ്ട് 39-ാം മിനിറ്റിൽ ബല്ലാമൻ ഗോൾ മടക്കി.
ആദ്യ പകുതിയിൽ 5-4 ആയിരുന്നു സ്കോർ. 53-ാം മിനിറ്റിൽ വാഗ്നറുടെ ഹാട്രിക് ഗോളിലൂടെ ഓസ്ട്രിയ ലീഡ് വീണ്ടുമുയർത്തി. 60-ാം മിനിറ്റിൽ ജോസഫ് ഹുജിയുടെ ഹാട്രിക്. സ്കോർ 6-5
സമനിലക്കായി പൊരുതിയ സ്വിറ്റ്സർലൻഡിനെ തകർത്ത് എറിക് പ്രോബ്സ്റ്റ് 76-ാം മിനിറ്റിൽ വലകുലുക്കി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുടുതൽ ഗോളുകൾ പിറന്ന മത്സരമായി അതോടെ ആ ക്വാർട്ടർ ഫോനൽ മാറി.
26 മത്സരങ്ങളിൽ നിന്നായി 140 ഗോളുകളാണ് ആ ലോകകപ്പിൽ പിറന്നത്.















