Special

നല്ല നാളെയെ ഓര്‍മിപ്പിച്ച് വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി

മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.

ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഇന്ത്യയാണ്. പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക(beat plastic pollution) എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഓരോ ദിവസവും കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം നല്‍കുന്നത്.

പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പൂര്‍ണ ബോധവാന്മാരായി തന്നെയാണ് നമ്മളില്‍ പലരും വീണ്ടും ആ വിഷ വസ്തു ഉപയോഗിക്കുന്നത്. അറിയാമെങ്കിലും അതിനെ അത്ര കാര്യമാക്കാറില്ല എന്നതാണ് സത്യം. മണ്ണിനെയും ജലത്തെയുമെല്ലാം അത് എത്രത്തോളം നശിപ്പിക്കുമെന്നത് ഒരു പക്ഷേ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

മനുഷ്യനെ സാവധാനം കൊല്ലുന്ന വസ്തുവാണ് പല പ്ലാസ്റ്റിക് ഉത്പന്നങ്ങളും എന്നത് ലോകം തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതുകൊണ്ടുതന്നെ പല വിദേശരാജ്യങ്ങളും ഇതിനു പിന്നിലെ കൊലയാളിയെ തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പക്ഷേ നമ്മുടെ രാജ്യം ഇക്കാര്യത്തില്‍ അല്‍പ്പം പിന്നിലാണ്.

പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്‍ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ ജലത്തിലും കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാവുന്നു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ ഇത്തരത്തില്‍ നമുക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്‌സിന്‍ എന്ന വിഷം വായു മലിനീകരണം ഉണ്ടാക്കുന്നു. ഇത് ക്യാന്‍സറിനും കാരണമാവുന്നു.

പ്ലാസ്റ്റിക്കിന്റെ ഭാരക്കുറവും ചെലവ് കുറവുമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിക്കാനുള്ള കാരണം. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നാം ഇതിനെ തടഞ്ഞേ പറ്റൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരണം. മറ്റുള്ളവര്‍ ഇറങ്ങട്ടെ ഞാന്‍ പിന്നാലെ വരാം എന്നു ചിന്തിക്കാതെ ഞാന്‍ മുന്നോട്ട് ഇറങ്ങും എന്ന് നമ്മള്‍ ഉറപ്പിക്കണം. അതു മതി, ഒരു നല്ല തുടക്കത്തിന്.

ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഓര്‍ക്കുക.

242 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close