KeralaSpecial

ഇരച്ചു കയറിയ പാക് സൈന്യത്തെ തുരത്തിയോടിച്ച പോരാട്ടവീര്യം: മഹാവീർ ചക്ര തോമസ് ഫിലിപ്പോസിന് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി

1971 ഡിസംബർ . പടിഞ്ഞാറൻ പാകിസ്ഥാനിലെ ബസന്തർ നദിയുടെ കരകളിലും സമീപത്തും നടന്ന യുദ്ധത്തിൽ ഇരു രാജ്യങ്ങൾക്കും നിരവധി സൈനികരെ നഷ്ടമായി. ബസന്തർ നദി കടന്ന് സരാജ്ചക്കും ലാലിയാളും പിടിക്കാനായിരുന്നു നിർദ്ദേശം . മദ്രാസ് റെജിമെന്റിൽ ഹവിൽദാറായിരുന്നു ആറന്മുള കിടങ്ങന്നൂർ സ്വദേശിയായ തോമസ് ഫിലിപ്പോസ്.

നദി കടക്കാനുള്ള പാലത്തിനും അതിനു ചുറ്റും ശത്രു സൈന്യം ശക്തമായി തന്നെ താവളമടിച്ചിരുന്നു . മൈനുകളും അതിനു സമീപം പാക് സൈനികരും ഇന്ത്യൻ സൈന്യത്തെ പ്രതിരോധിക്കാൻ കാത്തു നിന്നു. ട്രഞ്ചുകൾ തമ്മിൽ എല്ലാവിധ വാർത്താവിനിമയ ബന്ധവും നിലനിന്നിരുന്നു. തീർത്തും അസാദ്ധ്യമായിരുന്നു മദ്രാസ് റെജിമെന്റിനു കിട്ടിയ ലക്ഷ്യം.

എന്നാൽ പിന്മാറാൻ റെജിമെന്റ് തയ്യാറായില്ല. ലാലിയാൾ പിടിച്ചെടുക്കാനായിരുന്നു തോമസ് ഫിലിപ്പോസ് ഉൾപ്പെട്ട സി കമ്പനിക്ക് ലഭിച്ച നിർദ്ദേശം. 1971 ഡിസംബർ 15 ന് രാത്രി സി കമ്പനി ആക്രമണം ആരംഭിച്ചു. എന്നാൽ കമ്പനി മുന്നേറവേ പ്ളാറ്റൂൺ കമാൻഡർ ശത്രുസൈന്യത്തിന്റെ വെടിയേറ്റു വീണു.

ചുമതലയേറ്റെടുത്ത് ഹവിൽദാർ തോമസ് ഫിലിപ്പോസ് മുന്നോട്ടു കുതിച്ചു.പാക് സൈന്യത്തിന്റെ ശക്തമായ ആക്രമണത്തിൽ കമ്പനിയിലെ സൈനികർ വെറും പതിനഞ്ചായി ചുരുങ്ങി. എന്തുവന്നാലും ലക്ഷ്യത്തിൽ നിന്ന് പിന്തിരിയില്ലെന്ന് പ്രഖ്യാപിച്ച് വീരമദ്രാസി അടി കൊല്ല് അടി കൊല്ല് എന്ന യുദ്ധകാഹളം മുഴക്കി തോമസും സൈന്യവും ശത്രു സൈന്യത്തിന് നേർക്ക് പാഞ്ഞു.

ബയണറ്റുകൾ ഉപയോഗിച്ച് പൊരിഞ്ഞ പോരാട്ടമായിരുന്നു പിന്നീട് കണ്ടത് . മുന്നിൽ നിന്ന് പടനയിക്കുന്ന തോമസ് ഫിലിപ്പോസിനൊപ്പം വിരലിലെണ്ണാവുന്ന സൈനികർ മദ്രാസ് റെജിമെന്റിന്റെയും ഒപ്പം രാഷ്ട്രത്തിന്റെയും അഭിമാനം സംരക്ഷിക്കാൻ അത്യജ്ജ്വലമായി പോരാടി.

അറുപതിലേറെ പാക് സൈനികരുമായി പതിനഞ്ചോളം വരുന്ന ഇന്ത്യൻ സൈനികർ ശക്തമായി പോരാടി.മുറിവേറ്റിട്ടും ഈറ്റപ്പുലിയെപ്പോലെ തോമസ് ഫിലിപ്പോസ് മുന്നിൽ നിന്ന് നയിച്ചു. ഒടുവിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ ശവശരീരങ്ങൾ ഉപേക്ഷിച്ച് അവശേഷിച്ച പാക് സൈന്യം പിന്തിരിഞ്ഞോടി . മദ്രാസ് റെജിമെന്റ് അവരുടെ ലക്ഷ്യം നിറവേറ്റി . സ്വധർമ്മേ നിധനം ശ്രേയ എന്ന റെജിമെന്റ് മുദ്രാവാക്യം സാർത്ഥകമാക്കി.

പരിക്കേറ്റ തോമസ് ഫിലിപ്പോസ് രണ്ടുമാസം പത്താന്‍കോട് മിലിട്ടറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ചികിത്സക്കുശേഷം സൈനിക ജീവിതം തുടര്‍ന്ന അദ്ദേഹം 32 വര്‍ഷത്തെ സേവനത്തിനുശേഷം ഓണററി ക്യാപ്റ്റന്‍ റാങ്കില്‍ 1982 ലാണ് വിരമിച്ചത്. തോമസ് ഫിലിപ്പോസ് പ്രകടിപ്പിച്ച നേതൃപാടവത്തിനും അസാമാന്യ ധൈര്യത്തിനും അംഗീകാരമായി 1972ൽ അദ്ദേഹത്തിന് മഹാവീരചക്രം ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു.സൈന്യത്തോടുള്ള ആദരസൂചകമായി തന്റെ വീടിന് മഹാവീർചക്ര ഭവൻ എന്നാണ് അദ്ദേഹം പേരിട്ടത്.

മഹാവീർചക്ര തോമസ് ഫിലിപ്പോസിന് ജനം ടിവിയുടെ പ്രണാമം.

10K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close