ക്വലാലമ്പൂർ : പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകൾ ട്വെന്റി20 ഏഷ്യാകപ്പ് ഫൈനലിൽ പ്രവേശിപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 72 റൺസിന് ഇന്ത്യൻ ബൗളർമാർ ചുരുട്ടിക്കെട്ടി. വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
പാക് ബാറ്റിംഗ് നിരയിൽ രണ്ടുപേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത് . ഓപ്പണറായ നാഹിദ ഖാനും വാലറ്റത്ത് സനാ മിറുമാണ് അൽപ്പമെങ്കിലും ഇന്ത്യൻ ബൗളിംഗിനെ ചെറുത്തത്. ആകെ രണ്ട് ബൗണ്ടറികൾ മാത്രമാണ് പാകിസ്ഥാന് നേടാനായത്. ഇന്ത്യക്ക് വേണ്ടി ഏകതാ ബിഷ്ട് നാല് ഓവറിൽ 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ സ്റ്റാർ താരം മിതാലി രാജിനെ നഷ്ടമായി. മൂന്നാം ഓവറിൽ ദീപ്തിശർമ്മയും പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യ രണ്ടു വിക്കറ്റിന് അഞ്ചു റൺസ് എന്ന നിലയിലായി. എന്നാൽ മൂന്നാം വിക്കറ്റിൽ സ്മൃതി മന്ഥനയും ഹർ സിമ്രത് കൗറും ഒത്തുചേർന്നതോടെ കളി ഇന്ത്യയുടെ വരുതിയിലായി.
ജയത്തിന് തൊട്ടടുത്ത് ടീമിനെ എത്തിച്ചതിനു ശേഷമാണ് 38 റൺസെടുത്ത സ്മൃതി മന്ഥന പുറത്തായത്. തൊട്ടു പിന്നാലെ ഹർസിമ്രത് കൗർ വിജയറൺ നേടുകയും ചെയ്തു.23 പന്തുകൾ ശേഷിക്കവേയാണ് ഇന്ത്യൻ വിജയം. ബംഗ്ളാദേശ് – മലേഷ്യ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക















