പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം സിമോണ ഹാലപ്പിന്. റൊളാണ്ട് ഗാരോസിൽ നടന്ന കലാശപ്പോരിൽ യു എസ് താരം സ്ലൊയേൻ സ്റ്റീഫനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് റൊമേനിയൻ താരം കീഴടക്കിയത്. സ്കോർ 3 – 6, 6 – 3, 6 – 1. ഹാലപ്പിന്‍റെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്. മൂന്ന് ഗ്രാൻസ്ലാം ഫൈനലുകളിലെ തോൽവികൾക്ക് ശേഷമാണ് സിമോണ ഹാലപ്പ് ആദ്യ കിരീടം സ്വന്തമാക്കിയത്.
ആദ്യ സെറ്‍റിന്‍റെ തുടക്കം മുതൽ സ്ലൊയേന്‍റെ മുന്നേറ്റം. ഒന്നാം സെറ്റ് 6 – 3 ന് യു എസ് താരം സ്വന്തമാക്കി. രണ്ടാം സെറ്റിൽ രണ്ട് പോയിന്‍റിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ച് ഹാലപ്പ്. 6 – 4 ന് സെറ്റ് പിടിച്ച ഹാലപ്പ് ഒപ്പമെത്തി.
മൂന്നാം സെറ്റിൽ തുടക്കം മുതൽ ലീഡ് നിലനിർത്തി റൊമേനിയൻ താരത്തിന്‍റെ മുന്നേറ്റം. ആദ്യ അഞ്ച് പോയിന്‍റുകൾ ഹാലപ്പ് നേടിയ ശേഷം തിരിച്ചടിക്കാനുള്ള സ്ലോയേൻ സ്റ്റീഫന്‍റെ ശ്രമം വിഫലമായി. രണ്ട് മണിക്കൂർ മൂന്ന് മിനുറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 6 – 1 ന് സെറ്റും മത്സരവും ഹാലപ്പ് സ്വന്തം പേരിൽ കുറിച്ചു.
കഴിഞ്ഞ വർഷം ലാത്വിയൻ താരം യെലേന ഒസ്റ്റപെൻങ്കോയ്‌ക്ക് മുന്നിൽ പതറിവീണ ഹാലപ്പ് അതേ കളിമൺ കോർട്ടിൽ കിരീടമണിഞ്ഞു.















